മുംബൈ: പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനവുമായി മുന്നേറിയ ഇന്ത്യയെ കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലിൽ പിടിച്ചു കെട്ടിയത് ന്യൂസിലൻഡ് ആയിരുന്നു. ലോർഡ്സിൽ പ്രഥമ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ കിരീട സ്വപ്നം തകർത്തതും കിവീസ് ആയിരുന്നു. കൂടാതെ, ഇന്ത്യ ചാമ്പ്യന്മാരായ പ്രഥമ ട്വന്റി 20 ലോകകപ്പിൽ, ഇന്ത്യക്ക് കീഴടക്കാൻ പറ്റാതെ പോയ ഏക ടീമും ന്യൂസിലൻഡ് തന്നെ ആയിരുന്നു. ഇത്തരത്തിൽ, പ്രമുഖ ടൂർണമെന്റുകളിൽ എല്ലാം ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമാണ് ബ്ലാക്ക് ക്യാപ്സിന് ഉള്ളത്.
എന്നാൽ ഇത്തവണ അക്ഷരാർത്ഥത്തിൽ അജയ്യമായ അശ്വമേധമാണ് ലോകകപ്പിൽ ഇതുവരെ ഇന്ത്യയുടേത്. പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ച്, പോയിന്റ് പട്ടികയിലും റൺ നിരക്കിലും ഒന്നാം സ്ഥാനക്കാരായാണ് ഇക്കുറി ആതിഥേയരുടെ സെമി ഫൈനലിലേക്കുള്ള മുന്നേറ്റം. മുൻകാല തിരിച്ചടികൾക്ക് പ്രതികാരം ചെയ്ത്, തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന കിവികളെ കൂട്ടിലാക്കാം എന്നാണ് ഇന്ത്യയുടെ കണക്ക്കൂട്ടൽ.
മറുവശത്ത് കപ്പിനും ചുണ്ടിനുമിടയിൽ കഴിഞ്ഞ തവണ നഷ്ടമായ ലോകകിരീടം ഇത്തവണ സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ ഇന്ത്യക്കെതിരെ സെമി കളിക്കാൻ കിവികൾ ഇറങ്ങുമ്പോൾ, മുംബൈയിൽ മഴ വില്ലനാകാൻ സാദ്ധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. തീവ്രമഴക്ക് സാധ്യതയില്ലെങ്കിലും, പ്രവചനങ്ങൾ അപ്രസക്തമാക്കുന്ന തരത്തിൽ മത്സരം മഴ കൊണ്ട് പോയാൽ ആരാകും ഫൈനൽ കളിക്കുക എന്നത് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന കാര്യമാണ്.
മത്സരത്തിൽ മഴ വില്ലനായി എത്തുകയും ഡക്ക്വർത്ത് ലൂയിസ് നിയമം പ്രയോഗിക്കാനുള്ള ഓവറുകൾ പൂർത്തീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വന്നാൽ, ന്യൂസിലൻഡിനെ പിന്തള്ളി ഇന്ത്യയാകും ഇത്തവണ ഫൈനലിന് ടിക്കറ്റുമെടുത്ത് അഹമ്മദാബാദിലേക്ക് വണ്ടി കയറുക. പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും ന്യൂസിലൻഡ് നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ഈ ഘടകമാകും ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്ക് അനുകൂലമാകുക.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന് പുറമേ നെറ്റ് റൺ റേറ്റിലും മുന്നിലുള്ള ഇന്ത്യ, പ്രാഥമിക റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഏത് ഘടകം മാനദണ്ഡമായാലും, മത്സരം മഴയെടുത്താൽ രോഹിതും സംഘവുമാകും ഫൈനലിലേക്ക് മുന്നേറുക എന്ന് സാരം.
Discussion about this post