കാലിഫോര്‍ണിയ: ടെസ്ലയുടെ കാലിഫോര്‍ണിയ നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. തിങ്കളാഴ്ച്ചയാണ് സന്ദര്‍ശനം നടത്തിയത്. ലോകത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളില്‍ മുന്‍നിര കമ്പനിയായ ടെസ്ലയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും സാമ്പത്തിക വിദഗ്ധരുമൊക്കെ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.
അതേസമയം ഗോയലും ടെസ്ല മേധാവി എലോണ്‍ മസ്‌കും തമ്മില്‍ കൂടിക്കാഴ്ച നടന്നില്ല. ഗോയലിനെ നേരിട്ട് കാണാന്‍ സാധിക്കാതെ പോയതില്‍ എലോണ്‍ മസ്‌ക് ക്ഷമാപണം നടത്തുകയും ചെയ്തു. ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന്റെയും ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണത്തിന്റെയും മന്ത്രിതല ഇടപെടലുകളില്‍ പങ്കെടുക്കാനാണ് പിയൂഷ് ഗോയല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയത്.
വാഹന നിര്‍മാണത്തിനുളള സാധനങ്ങളുടെ ഇന്ത്യയില്‍ നിന്നുളള ഇറക്കുമതി ഇരട്ടിയാക്കാന്‍ ടെസ്ല തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര വാണിജ്യമന്ത്രിയുടെ സന്ദര്‍ശനം. ഇക്കൊല്ലം ടെസ്ല ഇന്ത്യയില്‍ നിന്നും 1.9 ബില്യന്‍ യുഎസ് ഡോളറിന്റെ സാധനങ്ങള്‍ വാങ്ങിയതായി പീയൂഷ് ഗോയല്‍ കഴിഞ്ഞ സെപ്തംബറില്‍ വ്യക്തമാക്കിയിരുന്നു. 2022 ല്‍ കമ്പനി ഇന്ത്യയില്‍ നിന്ന് പര്‍ച്ചേസ് ചെയ്തതിന്റെ ഇരട്ടിയോളം വരുമിത്.
ടെസ്ലയുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ എലോണ്‍ മസ്‌ക് നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇറക്കുമതി നികുതിയെച്ചൊല്ലി തീരുമാനം വൈകുകയായിരുന്നു. ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാനുളള ശ്രമങ്ങള്‍ കമ്പനി സജീവമായി നീക്കുന്നുണ്ട്. ഇതിനിടയിലാണ് പീയൂഷ് ഗോയലിന്റെ സന്ദര്‍ശനം.
Discussion about this post