ബേതുള്‍ : മോദി ഗ്യാരന്റി നല്‍കുന്നിടത്ത് കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അംഗീകരിച്ച് കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യ പ്രദേശിലെ ബേതുളില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ചില കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. അവര്‍ക്ക് പുറത്ത് പോകാന്‍ പോലും ഇപ്പോള്‍ തോന്നാറില്ല. ജനങ്ങളോട് എന്താണ് പറയേണ്ടതെന്നും അറിയില്ല. മോദി ഗ്യാരന്റി നല്‍കുന്നിടത്ത് കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങള്‍ നിലനില്‍ക്കില്ലെന്ന് അവര്‍ തന്നെ അംഗീകരിച്ച് കഴിഞ്ഞു”, മോദി പറഞ്ഞു.
മധ്യപ്രദേശിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്ന കോണ്‍ഗ്രസിന്റെ അഴിമതി അവസാനിപ്പിക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. എങ്ങനെ മോഷ്ടിക്കണമെന്നും കൊള്ളയടിക്കണമെന്നും കോണ്‍ഗ്രസിന് നന്നായി അറിയാമെന്ന് ജനങ്ങള്‍ ഓര്‍ക്കണം. കോണ്‍ഗ്രസ് എവിടെയൊക്കെ വരുന്നോ, അവിടെയൊക്കെ നാശമാണ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോണ്‍ഗ്രസിന്റെ കള്ളിയൊക്കെ വെളിച്ചത്താകുകയാണ്. അവര്‍ ഇപ്പോഴെ തോല്‍വി സമ്മതിച്ചതായാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ഇനി ഭാഗ്യം പരീക്ഷിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം”, പ്രധാനമന്ത്രി പരിഹസിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസമാണ് ഉള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് ഒരിക്കലും വിശ്വസിച്ചില്ല. അയോധ്യയിലെ രാമ ക്ഷേത്രം യാഥാര്‍ഥ്യമാകുമെന്നും അവര്‍ ഒരിക്കലും കരുതിയില്ല. ഞങ്ങള്‍ അതും ചെയ്തു, മോദി പറഞ്ഞു. കൂടാതെ മധ്യ പ്രദേശില്‍ തങ്ങള്‍ വാക്ക് നല്‍കിയ എല്ലാ കാര്യങ്ങളും പാലിക്കപ്പെടുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 230 മണ്ഡലങ്ങളിലേക്കാണ് മത്സരം. വോട്ടെണ്ണല്‍ ഡിസംബര്‍ 3ന് നടക്കും.
Discussion about this post