ടെൽ അവീവ് : ഗാസയിലെ ആശുപത്രിയിലേക്ക് ചെന്നെത്തുന്ന രീതിയിൽ ഹമാസ് നിർമ്മിച്ച തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. ബുള്ളറ്റ് പ്രൂഫ് വാതിലുകൾ അടക്കമുള്ളവയാണ് ഈ തുരങ്കം എന്നും ഐഡിഎഫ് വ്യക്തമാക്കി.
ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിൽ ഹമാസിന്റെ നാവിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരന്റെ വീടിന് തൊട്ടടുത്താണ് ഈ തുരങ്കം നിർമിച്ചിട്ടുള്ളതെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
റാന്റിസി ആശുപത്രിക്ക് 183 മീറ്റർ അകലെ നിന്നുമാണ് തുരങ്കം നിർമ്മിച്ചിട്ടുള്ളതെന്ന് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഹമാസ് ആശുപത്രികളെ ഒളിത്താവളം ആക്കിയാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണം ഇതോടെ തെളിയിക്കപ്പെട്ടതായും ഐഡിഎഫ് വ്യക്തമാക്കി. ആശുപത്രിയിലേക്ക് നയിക്കുന്ന തുരങ്കത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഐഡിഎഫ് പുറത്തുവിട്ടു.
ഭൂനിരപ്പിൽ നിന്നും 20 മീറ്ററോളം താഴെയായിട്ടാണ് തുരങ്കം നിർമ്മിച്ചിട്ടുള്ളത്. സോളാർപാനലുകളുടെ സഹായത്തോടെ വൈദ്യുതീകരിച്ചിട്ടുള്ളതായിരുന്നു ഈ തുരങ്കം. ആർക്കും കണ്ടെത്താനാകാത്ത വിധത്തിൽ മൂടപ്പെട്ടിരിക്കുകയായിരുന്ന തുരങ്കം അവസാനിക്കുന്ന ആശുപത്രി ഒരു സ്കൂളിനും യുഎൻ കെട്ടിടത്തിനും അടുത്താണെന്നും ഇസ്രായേൽ സേന അറിയിച്ചു.
ഈ ആശുപത്രിയുടെ ബേസ്മെന്റ് ഹമാസ് ഭീകരർ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേൽ സേന കണ്ടെത്തി. ഇസ്രായേലിൽ നിന്നും ബന്ദികളാക്കി കൊണ്ടുവന്നിരുന്നവരെ ഇവിടെയായിരുന്നു പാർപ്പിച്ചിരുന്നത് എന്നാണ് നിഗമനം. ബുള്ളറ്റ് തറച്ചതിന്റെ പാടുകൾ ഉള്ള ഒരു ബൈക്കും ഈ ബേസ്‌മെന്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഇസ്രായേലിൽ നിന്നും ബന്ധികളെ തട്ടിക്കൊണ്ടു വരാൻ ഉപയോഗിച്ചിരുന്നതാവാമെന്ന് ഐഡിഎഫ് സൂചിപ്പിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങൾ, കസേരയിൽ കെട്ടിയ കയറുകൾ, ഫീഡിങ് ബോട്ടിലുകൾ, ഡയപ്പറുകൾ എന്നിവയും ഈ ബേസ്‌മെന്റിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗാസയിലെ ആശുപത്രികളെ ആണ് ഹമാസ് തങ്ങളുടെ ഒളിത്താവളം ആക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
https://x.com/IDF/status/1724169252054188276?s=20
Discussion about this post