ശ്രീനഗര്‍ : കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടു കെട്ടി. 2018ല്‍ ശ്രീനഗര്‍ ആശുപത്രിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലായിരുന്ന പാകിസ്താന്‍ കൊടും ഭീകരന്‍ നവീദ് ജാട്ടിനെ രക്ഷപ്പെടുത്തിയ കേസിലെ പ്രതികളുടെ സ്വത്തുക്കളാണ് എന്‍ഐഎ കണ്ടു കെട്ടിയത്. പോലീസ് സേനയക്ക് നേരെ കടുത്ത ആക്രമണം നടത്തിയാണ് മുഹമ്മദ് ഷാഫി വാനി, മുഹമ്മദ് ടിക്ക ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നവീദ് ജാട്ടിനെ മോചിപ്പിച്ചത്.
തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും നവീദ് ജാട്ടിനെ മോചിപ്പിച്ച കേസില്‍ പോലീസിനെ ആക്രമിച്ച രണ്ട് ലഷ്‌കര്‍ തീവ്രവാദികളുടെ സ്വത്തുക്കള്‍ ചൊവ്വാഴ്ച കണ്ടു കെട്ടിയെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുല്‍വാമയിലെ സിംഗൂ നര്‍ബലില്‍ താമസിച്ചിരുന്ന ഇരു ഭീകരന്‍മാരുടെയും 8 ഓളം വസ്തു വകകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടു കെട്ടിയത്. ജമ്മുവിലെ എന്‍ഐഎ യുടെ പ്രക്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി.
2018 ഫെബ്രുവരി 6 ന് വൈദ്യപരിശോധനയ്ക്കായി ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് എത്തിച്ച ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ നവീദ് ജാട്ട് എന്ന അബു ഹന്‍സലയെ മോചിപ്പിക്കാന്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു ലഷ്‌കര്‍ ഭീകരര്‍. പോലീസിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ജമ്മു കശ്മീര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ത്വയ്ബയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പിന്നീട് 2018 ല്‍ തന്നെ ഭീകരരുമായുള്ള മറ്റൊരു സംഘര്‍ഷത്തില്‍ നവീദ് ജാട്ടിനെ സൈന്യം വധിച്ചിരുന്നു. 2018ല്‍ കശ്മീരില്‍ വച്ച് ഷുജാത് ബുഖാരി എന്ന പത്ര പ്രവര്‍ത്തകനെ കൊന്നത് നവീദ് ജാട്ടാണ്.
ഇരു ഭീകരരുടേയും വീടുകള്‍ അടക്കമുള്ള ഭൂമിയാണ് എന്‍ഐഎ കണ്ടു കെട്ടിയത്. 2018 ഫെബ്രുവരി 8നാണ് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. നിരവധി ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്നും എന്‍ഐഎ കണ്ടെടുത്തിരുന്നു.
Discussion about this post