മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുക.
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നോക്കൗട്ട് ആയതിനാൽ ടീമുകൾ മത്സരാവസാനം സമനിലയിൽ എത്തിയാലും ഒരു വിജയിയെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി സൂപ്പർ ഓവർ നിയമമാണ് സാധാരണയായി ഐസിസി ഉപയോഗിക്കുന്നത്. എന്നാൽ സൂപ്പർ ഓവറിലും ടൈ വന്നാൽ എന്തു ചെയ്യണം എന്ന കാര്യത്തിൽ പുതിയ നിയമമാണ് ഐസിസി ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
സൂപ്പർ ഓവറും ടൈ ആകുകയാണെങ്കിൽ, മത്സരത്തിൽ വിജയി ആരെന്ന് തീരുമാനിക്കപ്പെടുന്നത് വരെ സൂപ്പർ ഓവറുകൾ തുടരും. ഏതെങ്കിലും കാരണവശാൽ സൂപ്പർ ഓവർ പൂർത്തീകരിക്കാൻ സാധിക്കാതെ വരികയോ, മത്സരം ഉപേക്ഷിക്കപ്പെടുകയോ ചെയ്താൽ, ലീഗ് ഘട്ടത്തിലെ പോയിന്റ് അടിസ്ഥാനമാക്കിയാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
ഫൈനൽ മത്സരത്തിലാണ് സൂപ്പർ ഓവറിലും വിജയിയെ കണ്ടെത്താൻ സാധിക്കാതെ വരുന്നതെങ്കിൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റും. റിസർവ് ദിനത്തിലും വിജയി ആരെന്ന് തീരുമാനിക്കപ്പെടുന്നില്ലെങ്കിൽ ഇരു ടീമുകളും സംയുക്ത വിജയികളായി പ്രഖ്യാപിക്കപ്പെടും.
സൂപ്പർ ഓവർ നിയമാവലി
മത്സരം പൂർത്തിയാക്കി 5 മിനിറ്റിനുള്ളിൽ സൂപ്പർ ഓവർ ആരംഭിക്കണം.
മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീം ആയിരിക്കും സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യുക.
മത്സരം അവസാനിക്കുമ്പോൾ നിന്ന എൻഡുകളിൽ തന്നെ ആയിരിക്കണം സൂപ്പർ ഓവർ ആരംഭിക്കുമ്പോൾ അമ്പയർമാർ നിൽക്കേണ്ടത്.
സൂപ്പർ ഓവറിൽ ഒരു ടീമിന് ഒരു റിവ്യൂവിനുള്ള അവസരം ഉണ്ട്. മത്സരത്തിൽ ഉപയോഗിച്ച റിവ്യൂകളുടെ എണ്ണം ഇവിടെ പരിഗണിക്കപ്പെടില്ല.
സൂപ്പർ ഓവറിൽ ഉപയോഗിക്കേണ്ട പന്ത് തിരഞ്ഞെടുക്കേണ്ടത് ഫീൽഡിംഗ് ടീം ക്യാപ്ടനാണ്. ഇതിനായി സ്പെയർ പന്തുകളുടെ പെട്ടിയിൽ നിന്നും ഇഷ്ടമുള്ള പന്ത് തിരഞ്ഞെടുക്കാം. മത്സരത്തിൽ ഉപയോഗിച്ച് പന്ത് വേണമെങ്കിൽ അതും ഉപയോഗിക്കാം. പുതിയ പന്ത് നൽകുന്നതല്ല.
രണ്ടാമത് ഫീൽഡ് ചെയ്യുന്ന ടീമിന്റെ ക്യാപ്ടനും ഇതേ പോലെ തങ്ങൾ ഉപയോഗിക്കുന്ന പന്ത് തിരഞ്ഞെടുക്കണം. ആദ്യ ടീം ഉപയോഗിച്ച പന്ത് വേണമെങ്കിൽ അതും തിരഞ്ഞെടുക്കാം.
ഫീൽഡ് നിയന്ത്രണങ്ങൾ: മത്സരത്തിലെ അവസാന ഓവറിൽ ഉപയോഗിച്ച അതേ ഫീൽഡിംഗ് നിയന്ത്രണങ്ങൾ തന്നെയാണ് സൂപ്പർ ഓവറിനും ബാധകം.
സൂപ്പർ ഓവറിൽ രണ്ട് ഓവറുകൾക്കിടയിലെ പരമാവധി ഇടവേള 5 മിനിറ്റ് ആയിരിക്കും.
ഒരു സൂപ്പർ ഓവറിൽ പുറത്തായ ബാറ്റ്സ്മാന് തുടർന്നുള്ള സൂപ്പർ ഓവറുകളിൽ ബാറ്റ് ചെയ്യാൻ അനുവാദം ഉണ്ടായിരിക്കുകയില്ല.
ഒരു സൂപ്പർ ഓവർ എറിഞ്ഞ ബൗളർക്കും അടുത്ത സൂപ്പർ ഓവർ എറിയാൻ അനുവാദമുണ്ടാകില്ല.
Discussion about this post