പുതിയ വീട് പണിയുമ്പോൾ വീട്ടമ്മമാരുടെ ഏറ്റവും വലിയ പ്രശ്നം അടുക്കള എങ്ങനെ ഡിസൈൻ ചെയ്യാം എന്നുള്ളതാണ്. അടുക്കള കാണാൻ ഭംഗി ഉണ്ടായാൽ മാത്രം പോരാ മികച്ച രീതിയിൽ പെരുമാറാൻ കഴിയുന്നതു കൂടിയാകണം. അതിനായി ഓരോ കുടുംബത്തിനും ആവശ്യമായ രീതിയിൽ വേണം അടുക്കള തയ്യാറാക്കേണ്ടത്. അപ്പോൾ പുതിയ അടുക്കള തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പകൽ സമയത്ത് നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ആവണം അടുക്കള ഒരുക്കേണ്ടത് എന്നാണ് നൂതന ഡിസൈനർമാർ പറയുന്നത്. രാത്രിയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിനായി ടാസ്ക് ലൈറ്റിംഗ് ഒരുക്കുന്നതാണ് സൗകര്യപ്രദം. അടുക്കളയിലെ ക്യാബിനറ്റുകൾക്കുള്ളിലും ചെറിയ ലൈറ്റുകൾ നൽകുന്നത് സാധനങ്ങൾ വ്യക്തമായി കാണാനും കൂടുതൽ ഭംഗി നൽകാനും സഹായിക്കും.
അടുക്കള ഡിസൈൻ ചെയ്യുമ്പോൾ ഡിസൈനർമാർ വർക്ക് ട്രയാങ്കിൾ എന്ന് വിളിക്കുന്ന ഒരു ഭാഗമുണ്ട്. സിങ്ക്, അടുപ്പ്, ഫ്രിഡ്ജ് ഇവ മൂന്നും മൂന്നു കോണുകളിലായി വരത്തക്ക രീതിയിലാണ് ഈ വർക്ക് ട്രയാങ്കിൾ സജ്ജീകരിക്കുന്നത്. വീട്ടമ്മമാരുടെ അടുക്കളയിൽ ജോലി കൂടുതൽ എളുപ്പത്തിൽ ആക്കാൻ ആണ് ഇത്തരം ഒരു ഡിസൈൻ നൽകുന്നത്. പച്ചക്കറികൾ അരിയാനും മാവ് കുഴയ്ക്കാനും എല്ലാമായി നൽകുന്ന വർക്ക് ടോപ്പ് സ്ലാബിന്റെ സ്ഥാനം ഈ വർക്ക് ട്രയാങ്കിളിന് ഉള്ളിൽ ആയിരിക്കണം എന്നാണ് ഡിസൈനർമാരുടെ അഭിപ്രായം.
അടുക്കളയിൽ ഏതൊക്കെ ഉപകരണങ്ങൾ വയ്ക്കുമെന്നതിനെക്കുറിച്ച് ആദ്യം തന്നെ പ്ലാൻ ചെയ്യേണ്ടതാണ്. ഇനി ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങാൻ പദ്ധതി ഉണ്ടെങ്കിൽ പോലും അതിനനുസരിച്ചുള്ള പ്ലഗ് പോയിന്റ് സ്വിച്ചുകളും പൈപ്പുകളും എല്ലാം നേരത്തെ ഒരുക്കി വയ്ക്കുന്നത് അടുക്കളയിൽ സൗകര്യപ്രദമായിരിക്കും.
അടുക്കള ഒരുക്കുമ്പോൾ സിങ്കിന്റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഓരോ കുടുംബത്തിനും സൗകര്യപ്രദമായ രീതിയിലാണ് ഇത് ഒരുക്കേണ്ടത്. സ്വാൻ ടാപ്പുകളോ പുൾ ഔട്ട് ടാപ്പുകളോ ഉപയോഗിക്കുന്നതാണ് സിങ്കിൽ കൂടുതൽ സൗകര്യപ്രദം. പെട്ടെന്ന് തുറക്കുകയും അടക്കുകയും ചെയ്യുന്ന രീതിയിലുള്ള പൈപ്പുകൾ ആണ് അടുക്കളയിൽ പെരുമാറുന്നതിന് ഏറ്റവും സുഖകരം എന്നുള്ളതും ഓർക്കേണ്ടതാണ്.
Discussion about this post