കൊൽക്കത്ത; പാർട്ടിയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ ആളെ തേടുന്ന പരസ്യം നൽകി സ്വയം അപഹാസ്യരായി സിപിഎം. പശ്ചിമബംഗാൾ ഘടകമാണ് പരസ്യത്തിന് പിന്നിൽ. സോഷ്യൽമീഡിയയിലൂടെ പരസ്യം പ്രചരിച്ചതോടെ ഡിലീറ്റ് ചെയ്ത് നാണക്കേടിൽ നിന്ന് രക്ഷതേടാൻ ശ്രമിക്കുകയാണ് പാർട്ടി. സംസ്ഥാനത്ത് യുവാക്കൾ പാർട്ടിയിൽ നിന്ന് കൂടുതൽ അകലുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മുൻപ് ശക്തികേന്ദ്രങ്ങളായിരുന്ന മണ്ഡലങ്ങളിൽ ഇപ്പോൾ ചുവരെഴുത്തിന് പോലും ആളെ ലഭിക്കുന്നില്ലെന്നാണ് വിവരം.
കമ്പനികൾ ഉദ്യോഗാർത്ഥികളെ തേടുന്ന ലിങ്ക്ഡ് ഇൻ ആപ്പിലാണ് സിപിഎം പരസ്യം നൽകിയത്. കോർപ്പറേറ്റ് ശൈലിയിലാണ് പരസ്യം. ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്കാണ് ആളുകളെ തേടുന്നത്. നിശ്ചിത യോഗ്യതകളും പാർട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്.
വിവിധ കമ്പനികളിൽ ജോലി ചെയ്തുള്ള പ്രവൃത്തിപരിചയം, ഇടതുരാഷ്ട്രീയത്തിൽ താത്പര്യം,ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പ്രാവീണ്യം എന്നിവയാണ് പ്രധാന യോഗ്യതകൾ. സാമ്പത്തികം കൈകാര്യം ചെയ്യൽ,ഓഫീസ് നടത്തിപ്പ്, ഡാറ്റ ശേഖരണം, തുടങ്ങിയ മേഖലകളിൽ വിദഗ്ധരായവർക്ക് മുൻഗണന നൽകുന്നുണ്ട്. ഇത് ഒരു ജോലിയായി കണക്കാക്കരുതെന്നാണ് പരസ്യത്തിൽ പ്രത്യേകം എടുത്തുപറയുന്നത്.
പരസ്യം വൈറലായതോടെ നിരവധി പേരാണ് പാർട്ടിയുടെ ഇന്നത്തെ ദയനീയാവസ്ഥയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ പ്രവർത്തകരെ പോലും ലഭിക്കാത്ത അവസ്ഥയിലെത്തി കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥയെന്നും അന്ന് കമ്പ്യൂട്ടറിനെതിരെ കൊടിപിടിച്ചവർ ഇന്ന് പാർട്ടിയെ വളർത്താൻ ഡിജിറ്റൽ മാർക്കറ്റിംഗ് രീതി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയിലെത്തിയെന്നും വിമർശനം ഉയരുന്നുണ്ട്.
അതേസമയം സിപിഎമ്മിന്റെ പരസ്യത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സിപിഎമ്മിന് ബംഗാളിൽ പ്രവത്തകരില്ലെന്ന യാഥാർഥ്യമാണ് പരസ്യത്തിലൂടെ വ്യക്തമാകുന്നതെന്ന് തൃണമൂൽ പ്രതികരിച്ചു. തങ്ങളുടെ പ്രവർത്തകർ തന്നെയാണ് അവരുടെ എല്ലാ ജോലികളും ചെയ്യുന്നതെന്നും കൂലിവേലയുടെ ആവശ്യമില്ലെന്നും ബി.ജെ.പി. നേതാക്കളും പ്രതികരിച്ചു.
Discussion about this post