മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അൻപത് ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ, ഇന്ത്യയുടെ 70 റൺ വിജയത്തിന് അടിത്തറ പാകിയ ഇതിഹാസ താരം വിരാട് കോഹ്ലിക്ക് ലോകമെമ്പാട് നിന്നും അഭിനന്ദന പ്രവാഹം തുടരുന്നു. കോഹ്ലി നേടിയ 117 റൺസിന്റെ പിൻബലത്തിൽ 4 വിക്കറ്റിന് 397 റൺസ് എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയപ്പോൾ, 57 റൺസിന് 7 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം ന്യൂസിലൻഡിനെ 327 റൺസിൽ ഒതുക്കി ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിക്കുകയായിരുന്നു.
തന്റെ ഭാർത്താവ് ചരിത്ര പുസ്തകത്തിൽ ഇടം നേടുന്നതിന് സാക്ഷിയായി, വിരാടിന്റെ പ്രിയതമയും ചലച്ചിത്ര താരവുമായ അനുഷ്ക ശർമ്മയും വാംഖഡെ സ്റ്റേഡിയത്തിൽ സന്നിഹിതയായിരുന്നു. മത്സരത്തിന് ശേഷം കോഹ്ലിയെ ദൈവപുത്രൻ എന്ന് വിശേഷിപ്പിച്ച് അനുഷ്ക എഴുതിയ സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ ആകുകയാണ്.
‘ദൈവമാണ് ഏറ്റവും മഹാനായ തിരക്കഥാകൃത്ത്. അങ്ങയുടെ പ്രണയം എനിക്ക് തന്ന് അനുഗ്രഹിച്ച അദ്ദേഹം, അങ്ങയുടെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുള്ള കരുത്തുറ്റ പ്രയാണത്തിന് സാക്ഷിയായി ഒപ്പം നിൽക്കാൻ എന്നെ നിയോഗിച്ചു. ഭാവിയിലും എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകും. സ്വന്തം വ്യക്തിത്വത്തോടും ക്രിക്കറ്റിനോടും അങ്ങ് പുലർത്തുന്ന സത്യസന്ധതയും വിശ്വാസ്യതയും അതുല്യമാണ്. തീർച്ചയായും അങ്ങ് ദൈവപുത്രൻ തന്നെയാണ്.‘ ഇതായിരുന്നു അനുഷ്കയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ സാധിച്ചത് ഒരു സ്വപ്നം പോലെ തോന്നുന്നു എന്നായിരുന്നു വിരാട് കോഹ്ലിയുടെ വാക്കുകൾ. ടൂർണമെന്റിൽ ടീം തന്നെ ഏല്പിച്ച ഉത്തരവാദിത്തം നിരവേറ്റുന്നതിനാണ് താൻ ഇപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കോഹ്ലി പ്രതികരിച്ചു.
Discussion about this post