ലക്നൗ: ഡൽഹി-സഹാർസ വൈശാലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം. തീവണ്ടിയുടെ S-6 കോച്ചിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ 19 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ 11 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ന്യൂഡൽഹിയിൽ നിന്ന് ബിഹാറിലെ സഹർസയിലേക്ക് പോയിരുന്ന ട്രൈയിനാണ് തീപിടിച്ചത്. പുലർച്ചെ 2.12ഓടെ ഇറ്റാവയിൽ എത്തിയപ്പോൾ എസ്-6 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു.
ഗവൺമെന്റ് റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ഒരു മണിക്കൂർ കൊണ്ടാണ് തീയണച്ചത്. തീ അണച്ചതിന് ശേഷം കോച്ച് വേർപെടുത്തി രാവിലെ 6 മണിയോടെയാണ് സർവീസ് പുനരാരംഭിച്ചത്. ഗുതുതരമായി പൊള്ളലേറ്റ 11 പേരെ വിദഗ്ധ ചികിത്സയ്ക്കായി സായ്ഫായി മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
അപകടത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജിആർപി ആഗ്ര എസ്പി ആദിത്യ ലംഗേ പറഞ്ഞു. പരിക്കേറ്റ യാത്രക്കാർ ചികിത്സയിലാണ്. തീപിടുത്തത്തിന്റെ കാരണം വിശദമായി അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post