പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറക്കുക.
ഇതിന് ശേഷം പുതിയ മേശാന്തിമാരായ പി എൻ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് ആനയിക്കും. പിന്നീട് ആഴിയിൽ ദീപം തെളിയിക്കും. പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുക്കും. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറന്ന് പൂജ നടത്തുക.
അടുത്ത മാസം 27നാണ് മണ്ഡല പൂജ. അന്നേദിവസം വരെ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാകും. 27 ന് രാത്രി പത്ത് മണിയ്ക്ക് നട അടയ്ക്കും. മൂന്ന് ദിവസങ്ങൾക്ക് ശേഷം 30 ന് മകരവിളക്ക് തീർത്ഥാടനത്തിനായി വീണ്ടും നട തുറക്കും.
മണ്ഡല തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. അയ്യപ്പ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തിയാകും സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വീഡിയോ വാൾ സജ്ജമാക്കിയിട്ടുണ്ട്.
മുൻ വർഷത്തെ പോലെ ഇക്കുറിയും വെർച്വൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ്‌സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 17 ലക്ഷം ടിന്ന് അരവണയും രണ്ടുലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്ക് ഉണ്ടെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
Discussion about this post