ഐസ്വാള്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മറില്‍ നിന്നും മിസോറമിലേക്ക് അഭയം തേടി ആയിരക്കണക്കിന് പേര്‍. ഇതിനോടകം തന്നെ അയ്യായിരത്തോളം പേര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി അതിര്‍ത്തി മേഖലകളിലേക്ക് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മിസോറാമിലേക്ക് അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തിയത്.
ചമ്പായി ജില്ലയിലെ സോഖാവ്തര്‍ പ്രദേശത്താണ് നിലവില്‍ ഇവര്‍ ഉള്ളത്. ഇവര്‍ക്കായി ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ തുടങ്ങിയ അവശ്യ പിന്തുണ നല്‍കാന്‍ ജില്ലാ ഭരണകൂടവും എന്‍ജിഒകളും യംഗ് മിസോ അസോസിയേഷനും വില്ലേജ് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കായി അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളത്. മിസോറമില്‍ നിന്നുള്ള 160 ഓളം കുടുംബങ്ങളാണ് നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നത്.
ഏകദേശം 5000 മുതല്‍ 6000 വരെ ആളുകള്‍ മ്യാന്‍മറില്‍ നിന്നും അഭയം തേടി അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് കരുതുന്നത് എന്ന് യുംഗ് മിസോ അസോസിയേഷന്‍ ഫിനാന്‍ഷ്യല്‍ സെക്രട്ടറി എഫ്. ബിയാംഗ്തിന്‍സംഗ് പറഞ്ഞു. ഇവര്‍ക്ക് വിവിധ എന്‍ജിഒകള്‍ സഹായം നല്‍കിവരുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും സംഘടനാ പ്രവര്‍ത്തകര്‍ എത്തിക്കുന്നുണ്ട്. ജില്ലാ ഭരണകൂടവും ഇവര്‍ക്കൊപ്പമുണ്ട്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മ്യാന്‍മറില്‍ ദേശീയവാദികളായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സും സൈന്യവും തമ്മിലാണ് സംഘര്‍ഷം. പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് കഴിഞ്ഞ ദിവസം രണ്ട് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പോസ്റ്റുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ 39 സൈനിക ഉദ്യോഗസ്ഥര്‍ മിസോറമില്‍ അഭയം തേടുകയും പോലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
Discussion about this post