പത്തനംതിട്ട: മണ്ഡലമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ പുതിയ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. വൃശ്ചിക പുലരിയിൽ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്ന് മണിയ്ക്കാണ് ക്ഷേത്രം തുറന്നത്. ഇതിന് പിന്നാലെ പി.ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു. വൃശ്ചികം ഒന്നിന് അയ്യനെ തൊഴാനായി നിരവധി ഭക്തരാണ് സന്നിധാനത്ത് തമ്പടിച്ചിരുന്നത്. ഇവരെല്ലാം അയ്യനെ തൊഴുത് മല ഇറങ്ങുകയാണ്.
നട തുറന്ന വേളയിൽ തിരുവിതാംകർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും മറ്റ് അംഗങ്ങളും സന്നഹിതരായിരുന്നു. വൃശ്ചിക പുലരിയിൽ അയ്യപ്പദർശനത്തിനായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെയും എത്തിയിരുന്നു.
ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര നട 1 മണിയ്ക്ക് അടയ്ക്കും. ശേഷം വൈകുന്നേരം 4 മണിക്കാകും തുറക്കുക. 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
Discussion about this post