ന്യൂഡല്‍ഹി : ഇസ്രായേല്‍ സേനയും ഹമാസ് തീവ്രവാദികളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറന്‍ ഏഷ്യയില്‍ നിലവിലെ സാഹചര്യത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
“പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നത് നാമെല്ലാവരും കാണുന്നു. ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഞങ്ങളും സംയമനം പാലിച്ചു. ഞങ്ങള്‍ ചര്‍ച്ചയ്ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി. അതേസമയം, ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചതിന് ശേഷം ഇന്ത്യ പലസ്തീനിലെ ജനങ്ങള്‍ക്ക് സഹായം അയച്ചിട്ടുണ്ട്. ദക്ഷിണ മേഖലയിലെ രാജ്യങ്ങള്‍ കൂടുതല്‍ ആഗോള നന്മയ്ക്കായി ഒന്നിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആലോചന, ആശയവിനിമയം, സഹകരണം, സര്‍ഗ്ഗാത്മകത, ശേഷി വര്‍ദ്ധിപ്പിക്കല്‍’ എന്നീ അഞ്ച് കാര്യങ്ങളാകണം രാജ്യങ്ങളുടെ സഹകരണത്തിന് ചട്ടക്കൂടാകേണ്ടത്. ഗ്ലോബല്‍ നോര്‍ത്തിനും ഗ്ലോബല്‍ സൗത്തിനും ഇടയിലുള്ള വിടവ് വര്‍ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ കാരണമാകരുതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
“ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത്, സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്, അടുത്ത മാസം, ഇന്ത്യ ആര്‍ട്ടിഫിഷ്യഐ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടി സംഘടിപ്പിക്കും”, അദ്ദേഹം വ്യക്തമാക്കി.
G20 പ്രസിഡന്‍സിയില്‍ ഉടനീളം, ഗ്ലോബല്‍ സൗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ ശ്രദ്ധ നല്‍കുന്നുവെന്ന് ഉറപ്പുനല്‍കാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്‍ക്കുള്ള ഉത്തരം വികസിപ്പിക്കുമ്പോള്‍ അവരുടെ ലക്ഷ്യങ്ങള്‍ കണക്കിലെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ഇന്ത്യയുടെ പ്രസിഡന്‍സി കാലയളവിലെ വിവിധ ജി 20 മീറ്റിംഗുകളില്‍ നേടിയ പ്രധാന ഫലങ്ങള്‍ ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളുമായി പങ്കിടുന്നതില്‍ രണ്ടാം വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോള സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
Discussion about this post