തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന നടത്തുന്ന ധന്യയെയും കുടുംബത്തെയും കണ്ട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗുരുവായൂരിൽ തുടക്കമായ കോഫി ടൈം വിത്ത് എസ്ജി എന്ന പരിപാടിയിലായിരുന്നു കൂടിക്കാഴ്ച. മകളുടെ വിവാഹത്തിനാവശ്യമായ പൂക്കളുടെ ഓർഡറും ധന്യയ്ക്ക് നൽകി.
200 മുഴം മുല്ലപ്പൂവും, 100 മുഴം പിച്ചിപ്പൂവും വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാഴനാരിൽ കെട്ടി വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ ആൾക്കാരെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം ധന്യയോട് പറഞ്ഞു. കൈകൊണ്ട് മുഴം അളക്കരുത് എന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. പെട്ടെന്ന് വാടുകയില്ലല്ലോ എന്ന കാര്യവും സുരേഷ് ഗോപി ഉറപ്പുവരുത്തി.
നിങ്ങളാണ് ധന്യയുടെ വാർത്ത തന്റെ മുൻപിൽ എത്തിച്ചത് എന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. വെറുതെ പണം നൽകുകയല്ലാല്ലോ, മറിച്ച് അവരുടെ അധ്വാനത്തിനുള്ള വിലയാണ് നൽകുന്നത്. കുഞ്ഞിനെ പൂട്ടിയിട്ട് ഇറങ്ങിയില്ലാല്ലോ അവർ. അങ്ങിനെ ചെയ്ത് എന്തെങ്കിലും സംഭവിച്ചാൽ സമൂഹം അവരെ കുറ്റം പറയില്ലേ. നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ ഉത്തരവാദിത്വം എന്താണ് എന്നത് കുഞ്ഞിന്റെ ചോരയിൽ പതിയും. ഇത് കാണുന്ന മക്കൾക്ക് അമ്മമാരോട് സ്‌നേഹം വർദ്ധിക്കും. സ്‌നേഹമാണ് എല്ലാം. ഇന്ന് കാലത്ത് മക്കൾക്ക് അമ്മമാരോട് സ്‌നേഹം ഇല്ലാതെ പോകുന്നു.
സ്‌നേഹത്തിനുള്ള സന്ദേശം ആണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയെ കണ്ടതിൽ അതിയായ സന്തോഷം ഉണ്ടെന്നും, മകളുടെ കല്യാണം സ്വന്തം അനിയത്തിക്കുട്ടിയുടേത് എന്ന പോലെ നടത്തിക്കൊടുക്കുമെന്നും ധന്യ പ്രതികരിച്ചു.
Discussion about this post