അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്ലി. 11 മത്സരങ്ങളിൽ നിന്നും 95.62 റൺസ് ശരാശരിയിൽ 765 റൺസ് നേടിയാണ് വിരാട് കോഹ്ലി ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരം എന്നീ റെക്കോർഡുകളും സച്ചിനെ മറികടന്ന് കോഹ്ലി ഈ ലോകകപ്പിൽ സ്വന്തം പേരിൽ കുറിച്ചു. ടൂർണമെന്റിൽ പരാജയമറിയാതെ ഫൈനൽ വരെ എത്താൻ ഇന്ത്യയെ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ചത് കോഹ്ലിയുടെ ഇന്നിംഗ്സുകളായിരുന്നു. ഫൈനലിൽ കോഹ്ലി നേടിയ അർദ്ധസെഞ്ച്വറി ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു.
ഈ ലോകകപ്പിൽ മാത്രം മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധസെഞ്ച്വറികളും നേടിയ കോഹ്ലി, തന്റെ കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നാണ് പിന്നിടുന്നത്.
ഫൈനലിൽ കാലിടറി വീണുവെങ്കിലും സമീപകാലത്തെ ഏറ്റവും മികച്ച ടൂർണമെന്റിനാണ് ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്. ഓസ്ട്രേലിയക്കെതിരായ തകർപ്പൻ ജയത്തോടെ തേരോട്ടം ആരംഭിച്ച ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ കരുത്തർക്കെതിരെ ആധികാരിക ജയങ്ങളോടെയാണ് സെമിയിലെത്തിയത്. സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ തകർപ്പൻ ജയം നേടിയ മത്സരം ഏകദിന ക്രിക്കറ്റിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച മത്സരമായിരുന്നു.
പാകിസ്താനെതിരെ നേടിയ വിജയവും ശ്രീലങ്കയെ എറിഞ്ഞ് ചുരുട്ടിയ പ്രകടനവും ഈ ലോകകപ്പിലെ മികച്ച പ്രകടനങ്ങളായി വിലയിരുത്തപ്പെട്ടു. 9 മത്സരങ്ങളിൽ നിന്നും 18 പോയിന്റുകൾ നേടിയ ഇന്ത്യയാണ് ലീഗ് പട്ടികയിൽ ഒന്നാമത്.
Discussion about this post