ഇംഫാൽ: സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇംഫാലിലെ വിമാനത്താവളത്തിൽ റഫേൽ ഉപയോഗിച്ച് പരിശോധന. ഇതിനായി രണ്ട് റഫേൽ വിമാനങ്ങളാണ് ബിർ തികേന്ദ്രജിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഒരു വിമാനം ഇവിടെ വിന്യസിക്കും.
ഉച്ചയോടെയാണ് റഫേൽ വിമാനങ്ങൾ എത്തിയത്. ഹസിമാര വ്യോമതാവളത്തിൽ നിന്നാണ് വിമാനങ്ങൾ എത്തിച്ചിട്ടുള്ളത്. പരിശോധനയിൽ വിമാനത്താവളത്തിന്റെ വ്യോമാതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഒരു വിമാനം തിരികെ ബേസിലേക്ക് മടങ്ങുകയായിരുന്നു. വിമാനത്താവളവും പരിസരവും നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഒരു റഫേൽ ഇവിടെ തുടരുന്നത്.
റഫേൽ വിമാനത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സംവിധാനം വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങളാണ് വിമാനം നൽകുക. ഇതുവരെ വിമാനങ്ങൾ നൽകിയ ദൃശ്യങ്ങളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിലുള്ള ഒരു വസ്തുവും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വിമാനത്താവളത്തിന് മുകളിലായി ഡ്രോൺ കണ്ടെത്തിയത്. കൊൽക്കത്തയിൽ നിന്നുള്ള വിമാനം എത്താൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പറക്കുന്ന വസ്തു സിഐഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇവർ വിവരം എയർ ട്രാഫിക് കൺട്രോളിന് കൈമാറി. തുടർന്ന് വിമാനത്താവളത്തിലേക്കും ഇവിടെ നിന്നുമുള്ള വിമാനങ്ങളുടെ സർവ്വീസ് താത്കാലികമായി നിർത്തിവച്ചതായി അറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ പറന്നത് ഡ്രോൺ ആണെന്ന് വ്യക്തമായി.
മൂന്ന് മണിക്കൂർ നേരത്തേക്ക് ആണ് സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ടത്. ഇതോടെ ഇവിടെ നിന്നും ഇവിടേയ്ക്കുമുള്ള വിമാനങ്ങൾ വൈകി. കൊൽക്കത്തയിൽ നിന്നുള്ള വിമാനം ഗുവാഹത്തിയിലേക്ക് പോയി. പിന്നീട് ഇവിടെ നിന്നുമാണ് ഇംഫാലിലേക്ക് തിരിച്ച് എത്തിയത്.
Discussion about this post