തൃശ്ശൂർ: നെഗറ്റീവ് എനർജിമാറാൻ പ്രാർത്ഥന നടത്തിയ സംഭവത്തിൽ തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കെതിരെ നടപടി. ഓഫീസർ കെ.എ ബിന്ദുവിനെ സസ്‌പെൻഡ് ചെയ്തു. നെഗറ്റീവ് എനർജിമാറാൻ സിവിൽ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിൽ പ്രാർത്ഥന നടത്തിയുമായി ബന്ധപ്പെട്ടാണ് നടപടി.
സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാർത്ഥനയിൽ പങ്കെടുത്തവർക്കെതിരെയും നടപടിയുണ്ടായേക്കാമെന്നാണ് സൂചന.
ആഴ്ചകൾക്ക് മുൻപാണ് ഓഫീസിൽ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ എന്ന പേരിൽ പ്രാർത്ഥന നടത്തിയത്. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബിന്ദുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഇതിൽ മുഴുവൻ ഓഫീസ് ജീവനക്കാരും പങ്കെടുത്തിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർക്കും ഇത് അനുസരിക്കേണ്ടിവന്നു. ഇവരിൽ ഒരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്.
ബിന്ദു ഓഫീസറായി ചുമതലയേറ്റതിന് പിന്നാലെ ഓഫീസിൽ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം നെഗറ്റീവ് എനർജിയെ തുടർന്നാണെന്ന് പറഞ്ഞായിരുന്നു പ്രാർത്ഥന. സംഭവം പുറത്തറിഞ്ഞതോടെ തൃശ്ശൂർ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Discussion about this post