ടോക്കിയോ; ബാറ്ററി ഗവേഷണത്തിൽ വലിയ നേട്ടം കൈവരിച്ച് ടോക്കിയോ സയൻസ് സർവ്വകലാശാലയിലെ ഗവേഷകർ. സോഡിയം അയൺ ബാറ്ററികൾ നിർമ്മിക്കുവാനുള്ള പുതിയ രീതിയാണ് ഗവേഷകർ കണ്ടെത്തിയത്. ഇതോടെ അടുത്ത തലമുറ ബാറ്ററികൾക്ക് വലിയ രീതിയിൽ വില കുറയും. ഇലക്ട്രിക് വാഹനങ്ങളിൽ ഉൾപ്പെടെ ഈ വിലക്കുറവ് പ്രതിഫലിക്കും. നിലവിലെ ലിഥിയം അയൺ ബാറ്ററികളോട് കിടപികിടിക്കത്തക്ക വിധം കാര്യക്ഷമമായ സോഡിയം അയൺ ബാറ്ററികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.
ഇലക്ട്രിക്ക് കാറുകൾ മുതൽ സ്മാർട്ട് ഫോണുകളിൽ വരെ ഉപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററികളാണ് (Lithium-ion, or li-ion). ലിഥിയം അയൺ ബാറ്ററികൾക്കായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ വിലയേറിയതാണ്. ഇതിനുള്ളിലെ ദ്രാവക ഇലക്ട്രോ ലൈറ്റുകൾ വിഷമയവും പെട്ടെന്ന് തീപിടിക്കുന്നതുമാണ്.
അതേ സമയം സോഡിയം-അയൺ ബാറ്ററികൾ നിർമ്മിക്കാൻ ചിലവ് വളരെ കുറവാണ്. ഇത് അമിതമായി ചൂടാവില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ലിഥിയം അയൺ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിനുള്ളിലെ ഊർജ്ജ സാന്ദ്രത വളരെ കുറവായിരുന്നു. അതായത് വളരെ കുറഞ്ഞ സമയം മാത്രമെ ഇതിൽ ചാർജ് നിലനിൽക്കുകയുള്ളൂ. എന്നാൽ ടോക്കിയോ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നാനോ സ്ട്രക്ചർ ചെയ്ത ഹാർഡ് കാർബണിൽ നിന്ന് നിർമ്മിച്ച ഇലക്ട്രോഡുകൾ ഉപയോഗിച്ചതോടെ സോഡിയം-അയൺ ബാറ്ററികളിലെ ഊർജ്ജ സാന്ദ്രത ലിഥിയം അയൺ ബാറ്ററികൾക്ക് തുല്യമോ അതിൽ കൂടുതലോ ആക്കി മാറ്റാൻ സാധിച്ചു.
” ഇപ്പോൾ ഞങ്ങൾ വികസിപ്പിച്ചെടുത്ത ബാറ്ററികൾക്ക് വ്യാവസായികമായി നിർമ്മിക്കുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് തുല്യമായ ശേഷിയുണ്ട് ”, ടോക്കിയോ സർവ്വകലാശാലയിലെ പ്രൊഫസർ ഷിനിച്ചി കൊമാബ പറഞ്ഞു. ലിഥിയം അയൺ ബാറ്ററികളെ പോലെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വിഷവസ്തുക്കൾ ഇതിലില്ലെന്നു കൊമാബ കൂട്ടിച്ചേർത്തു. അഡ്വാൻസ്ഡ് എനർജി മെറ്റീരിയൽസ് എന്ന ശാസ്ത്ര ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ടോക്കിയോ സർവ്വകലാശാലയുമായി കരാറുള്ള ചൈനയിലെ ബാറ്ററി നിർമ്മാണ ഫാക്ടറികൾ ഇതിനോടകം തന്നെ സോഡിയം അയൺ ബാറ്ററികൾ വ്യാവസായികമായി നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷത്തോടെ തന്നെ പുതിയ തരം സോഡിയം ബാറ്ററികൾ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
Discussion about this post