ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻമാരിലൊരാൾ യഹ്യ സിൻവാർ ആണെന്ന് സൂചന. ഗസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ് സിൻവാർ. നിലവിൽ ഇസ്രായേൽ പ്രതിരോധ സേനയിൽ നിന്നും പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ഗാസയിലെ തുരങ്കങ്ങളിൽ ഇസ്രായേൽ സൈന്യം പ്രധാനമായി തേടുന്ന വ്യക്തിയും യഹ്യ സിൻവാർ ആണ്.
1989-ൽ രണ്ട് ഇസ്രായേൽ സൈനികരെയും ഇസ്രായേൽ സൈന്യത്തിന് സഹായങ്ങൾ ചെയ്തിരുന്ന രണ്ട് പലസ്തീൻ സ്വദേശികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് യഹ്യ സിൻവാർ ആയിരുന്നു. ഈ സംഭവത്തിൽ ഇസ്രായേൽ സിൻവാറിനെ പിടികൂടുകയും നാല് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒടുവിൽ 22 വർഷം ശിക്ഷ അനുഭവിച്ച ശേഷം 2011ൽ ഇയാൾ മോചിതനായി. ഇയാൾക്ക് മാനസാന്തരം വന്നതായി ആ കാലത്ത് പരക്കെ കണക്കാക്കപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ സിൻവാർ പലപ്പോഴും ഹമാസിനോട് വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ഗാസയിൽ സമാധാനപൂർണമായ ജീവിതം ഉണ്ടാകണമെന്ന് ഇയാൾ പലപ്പോഴായി പ്രസ്താവനകൾ നടത്തിയിരുന്നു.
വെടിനിർത്തലിലൂടെ ഗാസയെ സമാധാനപൂർണമാക്കണമെന്നും ഒരു ആഗോള നിലവാരത്തിൽ വളർത്തിയെടുക്കണമെന്നുമാണ് തന്റെ ആഗ്രഹം എന്ന് ഇയാൾ പലപ്പോഴായി വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 2017-ൽ യഹ്യ സിൻവാർ ഹമാസിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം “സമാധാനപരവും ജനകീയവുമായ പ്രതിരോധം” മാത്രമായിരിക്കും ഇനി ഹമാസ് പിന്തുടരുകയെന്ന് ഇയാൾ അവകാശപ്പെട്ടു.
യഹ്യ സിൻവാറിന്റെ ഈ പ്രസ്താവനങ്ങളും സമാധാനവാദങ്ങളും മുഖവിലയ്ക്ക് എടുത്തതാണ് ഇസ്രായേലിന് വലിയ തിരിച്ചടിയായത് എന്ന് കരുതപ്പെടുന്നു. സിൻവാർ ഗാസ മുനമ്പ് കൈകാര്യം ചെയ്യുന്ന ഹമാസ് നേതൃത്വത്തിൽ എത്തിയതോടെ ഇസ്രായേൽ പ്രതിരോധ സേനയുടെ ഈ ഭാഗത്തേക്കുള്ള നിരീക്ഷണം അല്പം കുറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. സിൻവാറിന്റെ നേതൃത്വത്തിലുള്ള ഗാസ മുനമ്പ് സമാധാനം ആഗ്രഹിക്കുന്നതായി ഇസ്രായേൽ തെറ്റിദ്ധരിച്ചു എന്ന് പറയാം. ഇതോടെ ഗാസ മുനമ്പിന് പകരം ഇസ്രായേൽ പ്രതിരോധ സേന വെസ്റ്റ് ബാങ്കിലേക്ക് കൂടുതൽ ശ്രദ്ധ നൽകി.
ഈ സാഹചര്യം മുതലാക്കിയാണ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസിന്റെ ഭീകരാക്രമണം നടന്നത്. ആട്ടിൻതോലിട്ട ചെന്നായ ആയിരുന്നു യഹ്യ സിൻവാറെന്ന് ഇസ്രായേൽ തിരിച്ചറിഞ്ഞില്ലെന്ന് പലയിടത്തു നിന്നും വിമർശനം ഉണ്ട്. ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയതിന് ഒരു മണിക്കൂറിനു ശേഷം യഹ്യ സിൻവാറിന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ബന്ദികളെ കൈമാറുന്നതിനായി ചർച്ച നടത്താം എന്നായിരുന്നു ആ സന്ദേശം. എന്നാൽ പിന്നീട് മറ്റൊരു സന്ദേശവും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇസ്രായേൽ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചതോടെ ഇയാൾ ഗാസയിലെ തുരങ്കങ്ങളിൽ അഭയം തേടി എന്നാണ് കരുതപ്പെടുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൃത്യമായി പേര് വെളിപ്പെടുത്താതെ ‘ബങ്കറിനുള്ളിലെ കൊച്ചു ഹിറ്റ്ലർ’ എന്ന് പരാമർശിച്ചത് യഹ്യ സിൻവാറിനെ സൂചിപ്പിച്ചാണെന്നാണ് ഇപ്പോൾ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസയിലെ എല്ലാ തുരങ്കങ്ങളും ഇസ്രായേൽ പ്രതിരോധ സേന അരിച്ചു പെറുക്കുന്നത് സിൻവാറിന് വേണ്ടിയുള്ള വേട്ട ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ കാരണങ്ങളാൽ തന്നെ ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവാർ ആണെന്ന് കരുതപ്പെടുന്നു.
Discussion about this post