തിരുവനന്തപുരം : റോബിൻ ബസ്സിനുവേണ്ടി എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പണപ്പിരിവ്. റോബിൻ ബസിന് വേണ്ടിയും ഗതാഗത വകുപ്പിന് എതിരായും നമുക്കൊന്നിച്ച് കൈകോർക്കാം എന്ന രീതിയിലാണ് പോസ്റ്ററുകൾ തയ്യാറാക്കി പണപ്പിരിവ് നടത്തുന്നത്. എന്നാൽ ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് റോബിൻ ബസിന്റെ ഉടമ ഗിരീഷ് വ്യക്തമാക്കി.
കൂടുതൽ അന്വേഷണങ്ങളിൽ ഈ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് ആണെന്ന് കണ്ടെത്തി. സിഎംഡിആര്‍എഫ് അക്കൗണ്ട് നമ്പറും ഐഎഫ്‍എസ്‍സി കോഡും എല്ലാം കൃത്യമായി തന്നെ ഈ പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്. ആരാണ് ഇത്തരത്തിൽ വ്യാജ പോസ്റ്ററുകൾ തയ്യാറാക്കി പണപ്പിരിവ് നടത്തുന്നതെന്ന് വ്യക്തമായിട്ടില്ല.
ഇത്തരം വ്യാജന്മാരെ കരുതിയിരിക്കണം എന്നും എനിക്ക് സാമ്പത്തിക സഹായമല്ല ആവശ്യമെന്നും റോബിൻ ബസ്സിന്റെ ഉടമ വ്യക്തമാക്കി. ഇതുവരെ നടത്തിയ നിയമ യുദ്ധത്തിൽ പിന്തുണ തന്നവരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇനിയും എല്ലാവരുടെയും പിന്തുണയാണ് തനിക്ക് വേണ്ടതെന്നും ബസ്സുടമ ഗിരീഷ് വ്യക്തമാക്കി.
നിലവിൽ റോബിൻ ബസ് കോയമ്പത്തൂരിൽ പിടിച്ചിട്ടിരിക്കുകയാണ്. അതേസമയം റോബിന്‍ ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് ബസ്സുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ബോര്‍ഡ് വെച്ചും സ്റ്റാന്‍ഡുകളില്‍ ആളെ കയറ്റിയും സ്റ്റേജ് കാര്യേജ് ബസുകളായി സര്‍വീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നത്.
Discussion about this post