ലക്‌നൗ: ഹലാൽ മുദ്രയുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ യുപിയിലെ പ്രമുഖ മാളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം. ഗുരുഗ്രാമിലെ സഹാറ മാളിലാണ് പരിശോധന നടത്തിയത്. ഹലാൽ മുദ്രയുപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ വിൽപ്പന പൂർണമായും തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
പ്രധാന ഓഫീസർ ഉൾപ്പടെ 10 ഓളം ഉദ്യോഗസ്ഥർ എത്തിയായിരുന്നു പരിശോധന. എല്ലാ ഉത്പന്നങ്ങളും അധികൃതർ പരിശോധിച്ചു. കോൾഡ് ഡ്രിങ്ക്‌സ്, മാംസം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. സാധാരണയായി ഈ ഉത്പങ്ങളാണ് സംസ്ഥാനത്ത് കൂടുതലായി ഹലാൽ മുദ്രണത്തോട് കൂടി വിൽപ്പന നടത്താറുള്ളത്.
ഹലാൽ മുദ്രണമുള്ള ഉത്പന്നങ്ങൾ മാളിൽ നിന്നും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. എട്ട് കമ്പനികളുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കമ്പനികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസമാണ് സർക്കാർ ഹലാൽ ഉത്പന്നങ്ങളുടെ ഉത്പാദനം, വിതരണം, ശേഖരണം, വിൽപ്പന എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വിപണിയിൽ വ്യാജ ഹലാൽ മുദ്രകൾ പതിപ്പിച്ച ഉത്പന്നങ്ങൾ എത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉത്തരവ് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകിയിരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മാളുകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം പരിശോധന തുടരുമെന്നാണ് സൂചന.
Discussion about this post