തൃശ്ശൂർ: ജില്ലയിലെ സ്‌കൂളിൽ വെടിവയ്പ്പ്. വിവേകോദയം സ്‌കൂളിലായിരുന്നു പൂർവ്വ വിദ്യാർത്ഥി എയർഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുളയം സ്വദേശി ജഗനാണ് വെടിയുതിർത്തത്.
രാവിലെയോടെയായിരുന്നു സംഭവം. മയക്കുമരുന്ന് ലഹരിയിൽ ആണ് ജഗൻ ഇവിടേയ്ക്ക് എത്തിയത് എന്നാണ് സൂചന. ഹയർസെക്കൻഡറി പ്രിൻസിപ്പാളിന്റെ ഓഫീസ് മുറിയിലേക്ക് ആയിരുന്നു യുവാവ് ആദ്യം പോയത്. ഇവിടെ അദ്ധ്യാപകരുമായി വാക്കുതർക്കം ഉൾപ്പെടെ ഉണ്ടായി. ഇവിടെ നിന്നും ഇയാൾ നേരെ ക്ലാസ് മുറിയിലേക്ക് പോകുകയായിരുന്നു. സ്വഭാവത്തിൽ പന്തികേട് തോന്നിയതോടെ അദ്ധ്യാപകരും ഇയാൾക്ക് പിന്നാലെ പോയി.
ക്ലാസ് മുറിയിൽ കയറിയ മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. മൂന്ന് തവണയാണ് ജഗൻ മുകളിലേക്ക് വെടിയുതിർത്തിത്. ഇതോടെ വിവരം അദ്ധ്യാപകർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ജഗനെ കസ്റ്റഡിയിൽ എടുത്തു.
സ്ഥിരം പ്രശ്‌നക്കാരൻ ആണ് ജഗൻ എന്നാണ് വിവരം. നേരത്തെ മറ്റൊരു സ്‌കൂളിൽ ആയിരുന്നു ജഗൻ പഠിച്ചിരുന്നത്. എന്നാൽ അദ്ധ്യാപകനെ മർദ്ദിച്ചതിനെ തുടർന്ന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിവേകോദയം സ്‌കൂളിൽ എത്തിയത്.
Discussion about this post