മുംബൈ:സ്യൂട്ട് കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മുംബൈ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് മെട്രോ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട് കേസ് കണ്ടെത്തിയത്.
സ്ഥലത്തുണ്ടായിരുന്ന നിർമ്മാണത്തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട് കേസ് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്യൂട്ട് കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കാലുകൾ ശരീരത്തോട് ചേർത്ത് മടക്കിവെച്ച നിലയിലായിരുന്നു മൃതദേഹം. ടീഷർട്ടും ട്രാക്ക് പാന്റും ധരിച്ച നിലയിലായിരുന്നു. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.ധാരാവിയിൽ താമസിക്കുന്ന യുവതിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കൊലപാതക കുറ്റപ്രകാരം (ഐപിസി സെക്ഷൻ 302) രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post