ന്യൂഡല്‍ഡഹി: രാജ്യത്തെ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍ക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് പാര്‍ലമെന്ററി പാനല്‍. മഴക്കാല സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യം പാര്‍ലമെന്റില്‍ വെച്ചത്. ബി.ജെ.പി എം.പി ബ്രിജ്ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഭരണഘടനയുടെ 348-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും നിയമങ്ങള്‍ക്കും ബില്ലുകള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷാണെന്നാണ് 348-ാം അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നത്. നിയമങ്ങള്‍ക്ക് നിര്‍ദേശിച്ച ഹിന്ദി പേരുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നത് ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിന് വിരുദ്ധമല്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയില്‍ കമ്മിറ്റി തൃപ്തരാണെന്നും നിര്‍ദ്ദിഷ്ട പേരുകള്‍ നല്‍കുന്നത് ഭരണഘടന വിരുദ്ധമല്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയുടെ പേരുകളാണ് ഹിന്ദിയിലാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ഭാരതീയ ന്യായസംഹിത, നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിങ്ങനെയാണ് മാറ്റം വരുത്തിയ പേരുകള്‍.
കേന്ദ്രസര്‍ക്കാര്‍ ബില്ലുകള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതിന് പിന്നിലെ യുക്തി എന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചിരുന്നു. ഇംഗ്ലീഷ് ഉപയോഗിക്കുമ്പോള്‍ അതിന് ഇംഗ്ലീഷ് പേര് നല്‍കാം, ഹിന്ദി ഉപയോഗിക്കുകയാണെങ്കില്‍ അതിന് ഹിന്ദി പേര് നല്‍കാം, എന്നാല്‍ അവര്‍ ബില്ലിലെ നിയമങ്ങളും വ്യവസ്ഥകളും ഇംഗ്ലീഷില്‍ തയ്യാറാക്കി അതിന് ഹിന്ദി പേര് മാത്രം നല്‍കി. ഉച്ചരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്,’ അദ്ദേഹം പറഞ്ഞു.
Discussion about this post