ന്യൂഡൽഹി : ഇന്ത്യയിലെ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതിയിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ശുപാർശ ചെയ്തു. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ആയ എൻസിഇആർടി വിദ്യാഭ്യാസ പദ്ധതികളിലെ പരിഷ്കരണത്തിനായി രൂപീകരിച്ചിട്ടുള്ള ഉന്നതതല സമിതിയാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും ഭരണഘടനയുടെ ആമുഖം ക്ലാസ് റൂം ചുവരുകളിൽ എഴുതിവെക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി ചെയർപേഴ്‌സൺ സിഐ ഐസക് അറിയിച്ചു.
ദേശീയതലത്തിൽ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് എൻസിഇആർടി ഒരു ഉന്നതതല സമിതി രൂപീകരിച്ചത്. പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, പഠന സാമഗ്രികൾ എന്നിവ പരിഷ്കരിക്കുന്നതിനായി 19 അംഗ ദേശീയ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റി (NSTC) വിവിധ ശുപാർശകൾ നൽകിയിട്ടുണ്ട്.
സിലബസും അധ്യാപന-പഠന സാമഗ്രികളും വികസിപ്പിക്കുന്നതിനായി ഉള്ളതാണ് NSTC നിർദ്ദേശങ്ങൾ.
7 മുതൽ 12 വരെ ക്ലാസ്സുകളിൽ ഉള്ള കുട്ടികൾക്കാണ് മഹാഭാരതവും രാമായണവും സിലബസിൽ ഉൾപ്പെടുത്തണമെന്ന് കമ്മറ്റി ശുപാർശ ചെയ്തിട്ടുള്ളത്. “കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികൾ അവരുടെ രാജ്യ സ്നേഹത്തിനായി ആത്മാഭിമാനവും ദേശസ്‌നേഹവും അഭിമാനവും വളർത്തിയെടുക്കണമെന്ന് ഞങ്ങൾ കരുതുന്നു. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്. അതിനാൽ, അവരുടെ വേരുകൾ മനസ്സിലാക്കുകയും അവരുടെ രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.” എന്നുമാണ് ഈ ശുപാർശയിൽ എൻസിഇആർടി സൂചിപ്പിച്ചിട്ടുള്ളത്.
Discussion about this post