അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും എല്ലാ ട്രാൻസ്ജെൻഡർ കളിക്കാരെയും വിലക്കി ഐസിസി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയവർക്കും ഐസിസിയുടെ പുതിയ ചട്ടപ്രകാരം വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാനാകില്ല.
വനിതകളുടെ അവസരങ്ങൾ അപഹരിക്കപ്പെടുന്നതിന് തടയിടാനും ലിംഗനീതി ഉറപ്പ് വരുത്താനുമാണ് പുതിയ നടപടിയെന്ന് ഐസിസി വ്യക്തമാക്കി. വനിതാ ക്രിക്കറ്റിന്റെ അന്തസ്സും മാന്യതയും സുരക്ഷയും ഉറപ്പ് വരുത്താൻ ഈ നിയമം നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന വിദഗ്ധ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഐസിസ് വിശദീകരിച്ചു.
എന്നാൽ, ചില ക്രിക്കറ്റ് ബോർഡുകളുടെ നയങ്ങൾ ഐസിസിയുടെ പുതിയ ചട്ടമനുസരിച്ച് പരിഷ്കരിക്കേണ്ടി വരുമെന്നാണ് സൂചന. തങ്ങൾ സ്വയം വ്യക്തമാക്കുന്ന ലൈംഗിക വ്യക്തിത്വം താരങ്ങൾക്ക് അനുവദിച്ച് കൊടുക്കണം എന്നതാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നയം. ഐസിസിയുടെ പുതിയ ചട്ടങ്ങൾക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അപ്പീൽ പോയേക്കും.
സെപ്റ്റംബർ മാസത്തിൽ കാനഡയുടെ ഡാനിയേല മക്ഗെഹെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യ ട്രാൻസ്ജെൻഡർ എന്ന ബഹുമതി നേടിയിരുന്നു. വനിതാ ക്രിക്കറ്റിൽ ബ്രസീലിനെതിരെ ആയിരുന്നു ഇവർ കളിച്ചത്. ഐസിസിയുടെ പുതിയ ചട്ടപ്രകാരം ഇവർക്ക് തുടർന്ന് കളിക്കാനാകില്ല. നീന്തൽ, സൈക്ലിംഗ് തുടങ്ങിയ കായിക ഇനങ്ങളിൽ നിലവിൽ ട്രാൻസ്ജെൻഡറുകൾക്ക് വനിതാ വിഭാഗം മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.
Discussion about this post