ലഖ്‌നൗ: ‘സേഫ് സിറ്റി’ പദ്ധതിയുടെ ഭാഗമായി, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുപി സർക്കാർ. ഇതിന്റെ ഭാഗമായി നഗരത്തിലെ കോച്ചിംഗ് സ്ഥാപനങ്ങളിൽ ഇവനിംഗ് ക്ലാസുകൾ നിരോധിച്ചു. കൂടാതെ, പ്രശ്‌നക്കാരായ ആളുകൾ ഒത്തുചേരുന്നതും പീഡന സംഭവങ്ങളും തടയുന്നതിന് ഇത്തരം കോച്ചിംഗ് സ്ഥാപനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ‘സേഫ് സിറ്റി’ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ 17 മുൻസിപ്പൽ കോർപ്പറേഷനുകളിലും ഗൗതം ബുദ്ധ നഗറിലെ സർക്കാർ, സർക്കാരിതര സ്‌കൂളുകൾ, കോളേജുകൾ, മദ്രസകൾ, സർവ്വകലാശാലകൾ എന്നിവയുടെ പ്രവേശനത്തിലും പുറത്തേക്കുള്ള കവാടത്തിലും സിസിടിവികൾ സ്ഥാപിക്കും.
പദ്ധതിയുടെ കീഴിൽ, 17 മുനിസിപ്പൽ കോർപ്പറേഷനുകളും ഗൗതം ബുദ്ധ നഗറിലെ 2500 സ്കൂളുകളും സിസിടിവി സ്ഥാപിക്കാൻ തിരഞ്ഞെടുത്തതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവയിൽ 1,692 സ്കൂളുകളിൽ സിസിടിവി സ്ഥാപിച്ച് കഴിഞ്ഞു. ബാക്കിയുള്ള സ്കൂളുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്.
ആകെ 26,568 സിസിടിവികൾ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു. ഇതിൽ 68 അംഗീകൃത സർക്കാർ സ്കൂളുകളും 646 എയ്ഡഡ് സ്കൂളുകളും 1786 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. 418 കോച്ചിംഗ് സ്ഥാപനങ്ങളിലായി 866 ക്യാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇനി 188 സ്ഥാപനങ്ങളിൽ കൂടി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം 162 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 5,505 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതുകൂടാതെ, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താനായി പെൺകുട്ടികൾ സ്ഥാപനങ്ങളിൽ എത്തുന്നത് മുതൽ തിരികെ പോകുന്നതു വരെയുള്ള പൂർണ ഉത്തരവാദിത്വം ഈ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കുമെന്നും യോഗി സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. വൈകുന്നേരം ഒരു നിശ്ചിത സമയത്തിന് ശേഷം കോച്ചിംഗ് സ്ഥാപനങ്ങൾ പെൺകുട്ടികൾക്ക് ക്ലാസുകൾ നടത്തരുതെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
കൂടാതെ, കോച്ചിംഗ് സ്ഥാപനങ്ങളിൽ, തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ, ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദേശിക്കുന്നുണ്ട്.
Discussion about this post