ജയ്പൂർ: രാജസ്ഥാൻ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് കോൺഗ്രസ് അഴിമതിയുടെ പ്രതീകമാണെന്ന് മോദി ആഞ്ഞടിച്ചത്.
“അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നീ മൂന്ന് ശത്രുക്കളാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇവ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുന്നതിനു തടസമാകുന്നു . രാജ്യത്തിൻറെ പുരോഗതിക്കു വിലങ്ങാകുന്ന ഈ മൂന്ന് തിന്മകളുടെ പ്രതീകമാണ് കോൺഗ്രെസ്സെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ കെടുകാര്യസ്ഥതയും ആഴിമതി നിറഞ്ഞ ഭരണവും സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭരണത്തെ ക്രിമിനലുകൾക്കും കൊള്ളക്കാർക്കും നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭരണ വിരുദ്ധ വികാരമാണ് സംസ്ഥാനത്തുള്ളതെന്നും കുട്ടികൾ വരെ ഗെഹ്‌ലോട്ട് ജി, നിങ്ങൾക്ക് വോട്ട് കിട്ടില്ല’ എന്ന മുദ്രാവാക്യം കോൺഗ്രെസ്സിനെതിരെ മുഴക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ക്രമസമാധാന പ്രശ്‍നങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവും പ്രധാന വിഷമായി നരേന്ദ്ര മോദി ഉന്നയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഇരയായവർക്കുവേണ്ടിയല്ല, മറിച്ചു പ്രതികൾക്കുവേണ്ടിയാണ് കോൺഗ്രസ് സർക്കാർ നിലകൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിൽ സഹോദരിമാർക്കും പെണ്മക്കൾക്കും എതിരെയുള്ള അതിക്രമങ്ങളെ നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ബിജെപി സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാരൻ ജില്ലയെ കൂടാതെ കോട്ട, കരൗലി ജില്ലകളിലെ പൊതുയോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കോൺഗ്രസ് സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചതായി കോട്ടയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “മന്ത്രവാദിക്ക് ഏത് തരത്തിലുള്ള ബ്ലാക്ക് മാജിക്കും ചെയ്യാൻ കഴിയും, പക്ഷേ അത് രാജസ്ഥാനിലെ ജനങ്ങളിൽ പ്രവർത്തിക്കില്ല, ഡിസംബർ 3 ന് കോൺഗ്രസ് സർക്കാർ തുടച്ചുനീക്കപ്പെടും,” പ്രധാനമന്ത്രി പറഞ്ഞു.” ഭീകരസംഘടനയായ പിഎഫ്ഐ രാജ്യത്ത് സർക്കാർ നിരോധിച്ചതാണ്. എന്നാൽ കോട്ടയിൽ പിഎഫ്ഐ റാലികളും ജാഥകളും നടക്കുന്നു, കോൺഗ്രസ് സർക്കാർ ഉറങ്ങുകയാണ്. പാർട്ടിയുടെ പ്രീണന നയം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുയാണ്. കോട്ടയിൽ നടന്ന റാലിയിൽ നരേന്ദ്രമോദി ആരോപിച്ചു.
“രാജസ്ഥാനെ ഒരിക്കൽ കൂടി ‘ബിമാരു’ സംസ്ഥാനമാക്കാനാണ് കോൺഗ്രസിന്റെ ആഗ്രഹം. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ കർഷകരും വ്യാപാരികളും യുവാക്കളും സ്ത്രീകളും രോഷാകുലരാണ്. കോൺഗ്രസിനെ സംസ്ഥാനത്തു നിന്നും തുടച്ചു നീക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.
കരൗലി ജില്ലയിൽ നടന്ന റാലിയിൽ കോൺഗ്രസിന്റെ സ്വജനപക്ഷപാതപരമായ നയത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. കോൺഗ്രസ് ഒരു കുടുംബത്തെ മാത്രമാണ് പരിഗണിക്കുന്നതെന്നും , തെരുവുകൾ, കവലകൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ പദ്ധതികൾ, തുടങ്ങിയ എല്ലാ സർക്കാർ സംവിധാനങ്ങൾക്കും ആ കുടുംബത്തിന്റെ പേരാണെന്നും അദ്ദേഹം ഗാന്ധി കുടുംബത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം അവർക്ക് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഇവിടുത്തെ കോൺഗ്രസ് സർക്കാർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
Discussion about this post