മുംബൈ: പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് ദര്ശന് മാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കണ്ടന്റ് എഡിറ്റര്‍ സുധീര്‍ ജോഷിയെ ഹൈക്കമാന്‍ഡ് പുറത്താക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ ഫാസിസ്റ്റ് സൈന്യത്തില്‍ അംഗമായിരുന്നുവെന്നാണ് ലേഖനത്തില്‍ ആരോപിയ്ക്കുന്നു. പാര്‍ട്ടി അംഗത്വം നേടി വെറും 62 ദിവസം കൊണ്ടാണ് അവര്‍ പ്രസിഡന്റായതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
മറ്റൊരു ലേഖനത്തിലാണ് നെഹ്രുവിന് നേരെ വിമര്‍ശനമുണ്ടായത്. ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുത്തിരുന്നെങ്കില്‍ കാശ്മീരിന്റെ അവസ്ഥ ഇന്നത്തേത് ആകില്ലായിരുന്നുവെന്ന് ലേഖനം അഭിപ്രായപ്പെടുന്നു. കാശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയിലേയ്ക്ക് കൊണ്ടുപോകുന്നതിനോട് പട്ടേലിന് എതിര്‍പ്പായിരുന്നു. ടിബറ്റ്, നേപ്പാള്‍ സംഘര്‍ഷങ്ങളിലും നെഹ്രുവിന്റെ നിലപാട് പങ്ക് വഹിച്ചിട്ടുണ്ടെന്നും ലേഖനം പറയുന്നു.
മാസികയുടെ ഹിന്ദി എഡിഷനിലാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ലേഖനം മാസികയില്‍ പ്രസിദ്ധീകരിച്ചതിന് എഡിറ്റര്‍ സുധീര്‍ ജോഷി ഖേദം പ്രകടിപ്പിച്ചിരുന്നു.
Discussion about this post