മലപ്പുറം: ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ കെ ലെനിൻദാസിനെയാണ് തരംതാഴ്ത്തിയത്. അഡീഷണൽ മുൻസിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്. തിരൂരിൽ നിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറ്റിയിട്ടുമുണ്ട്.
അഭിഭാഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ജഡ്ജിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് തരംതാഴ്ത്തിയത്.
കോടതിയിലെ ജൂനിയർ അഭിഭാഷകനെ ജാതീയമായടക്കം അധിക്ഷേപിച്ചുവെന്നാണ് ലെനിൻദാസിനെതിരായ ആരോപണം. സംഭവം വാർത്തയായതിന് പിന്നാലെ തിരൂരിലെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇവർക്ക് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ബാർ അസോസിയേഷനുകൾ രംഗത്ത് വന്നതോടെ നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതമാകുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് തെറ്റുണ്ടെന്നാണ് സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ.
Discussion about this post