കണ്ണൂര്‍: നവകേരളാ സദസ്സിനായി സ്‌കൂള്‍ കുട്ടികളെ തെരുവില്‍ പൊരിവെയിലത്ത് നിര്‍ത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂര്‍ പാനൂരിലാണ് സംഭവം. ചെമ്പാട് എല്‍.പി സ്‌കൂളിലെ കുട്ടികളെ കൊണ്ടാണ് മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. നവകേരള സദസിന്റെ ബസില്‍ മുഖ്യമന്ത്രി വരുന്ന വഴിയിലാണ് പൊരി വെയിലത്ത് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നിര്‍ത്തിച്ചത്.
‘അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍, കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’ എന്നാണ് മുദ്രാവാക്യം. പൊരിവെയിലത്ത് നിന്ന് ക്ഷീണിച്ച് കുട്ടികള്‍ ശബ്ദം താഴ്ത്തുമ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ സംഘാടകരും അദ്ധ്യാപകരും വീണ്ടും നിര്‍ബന്ധിക്കുന്നുണ്ട്. ബസ് കടന്നു പോകുന്ന റോഡില്‍ പൊരി വെയിലത്ത് കുട്ടികളെ നിര്‍ത്തിയാണ് ഇടതു പക്ഷത്തിന്റെ ഈ പ്രഹസനം.
സംഭവത്തില്‍ നാട്ടുകാര്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. നേരത്തെ നവ കേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം വിവാദമായിരുന്നു. ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെങ്കിലും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് ഉത്തരവ് പുറത്തിറക്കിയത്. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ കുറയുന്നതിന് പിന്നാലെയായിരുന്നു തീരുമാനം.












