മുംബൈ: ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സീസൺ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയോടെ നാളെ തുടങ്ങാനിരിക്കെ, ആരാധകരെ നിരാശരാക്കുന്ന വാർത്തയായി ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. ലോകകപ്പിനിടെ പരിക്കേറ്റ പാണ്ഡ്യക്ക് ഓസീസിനെതിരായ പരമ്പര നഷ്ടമാകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. തുടർന്ന് വരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പാണ്ഡ്യ കളിക്കും എന്നായിരുന്നു വാർത്തകൾ.
എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മാത്രമല്ല, അതിന് ശേഷം നാട്ടിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയിലും പാണ്ഡ്യ കളിച്ചേക്കില്ല എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്ടനായ താരം, 2024 ഐപിഎൽ സീസണിലേ ഇനി കളിക്കാൻ സാദ്ധ്യതയുള്ളൂ എന്നാണ് റിപ്പോർട്ട്.
അതേസമയം ഓസ്ട്രേലിയക്കെതിരെ നാളെ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിൽ നിന്നും മിക്ക സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, ശ്രേയസ് അയ്യർ എന്നീ മൂന്ന് താരങ്ങൾ മാത്രമാണ് ട്വന്റി 20 പരമ്പരയിൽ കളിക്കുക. സൂര്യകുമാർ നയിക്കുന്ന ടീമിൽ, അവസാന രണ്ട് മത്സരങ്ങളിൽ മാത്രമാകും അയ്യരും കളിക്കുക.
2022 ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്ടനാണ് ഹാർദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് പാണ്ഡ്യക്ക് കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് ബാക്കിയുള്ള ലോകകപ്പ് മത്സരങ്ങളിൽ അദ്ദേഹം കളിച്ചിരുന്നില്ല.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾക്കെതിരായ ട്വന്റി 20 പരമ്പരകൾക്ക് ശേഷം ഐപിഎല്ലിന് മുൻപായി നാട്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ജനുവരി 25 മുതൽ മാർച്ച് 11 വരെയാണ് പരമ്പര. നിലവിൽ പരിമിത ഓവർ ക്രിക്കറ്റ് മാത്രം കളിക്കുന്ന പാണ്ഡ്യ, ഈ പരമ്പരയിലും ടീമിൽ ഉണ്ടാകില്ല.
Discussion about this post