ഹൈദരാബാദ്: തങ്ങൾ തെലങ്കാനയിൽ അധികാരത്തിൽ വന്നാൽ വർഗീയ വിഷം ചീറ്റുന്ന ഒവൈസിമാർ ജയിലിൽ കിടന്ന് പശ്ചാത്തപിക്കുമെന്ന് തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡി. തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ നേതാവ് അക്ബറുദ്ദീൻ ഒവൈസിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാവോ ബി ആർ എസ് നേതാവോ എ ഐ എം ഐ എം നേതാവോ ആരുമാകട്ടെ, രാജ്യത്തിനെതിരെയോ ഹിന്ദുക്കൾക്കെതിരെയോ നിയമപാലകർക്കെതിരെയോ ഭീഷണി മുഴക്കിയാൽ അവരെ അറസ്റ്റ് ചെയ്യും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയോ, രാജ്യവിരുദ്ധമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ, അത്തരക്കാർ ജയിലിൽ കിടന്ന് പശ്ചാത്തപിക്കുമെന്ന് കിഷൻ റെഡ്ഡി പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് നിശ്ചിത സമയത്ത് പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞതിനാണ് കഴിഞ്ഞ ദിവസം ഒവൈസി പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. പോലീസ് സ്ഥലം വിടണമെന്നും അല്ലാത്ത പക്ഷം തന്റെ അനുയായികൾ പോലീസിനെ ഓടിക്കുമെന്നുമായിരുന്നു ഒവൈസിയുടെ ഭീഷണി.
എ ഐ എം ഐ എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീൻ ഒവൈസി. തെലങ്കാന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ് ഇയാൾ. 15 മിനിറ്റ് നേരം പോലീസ് കണ്ണടച്ചാൽ മുസ്ലീങ്ങൾ രാജ്യത്തെ നൂറ് കോടി ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുമെന്ന ഇയാളുടെ 2013ലെ പ്രസ്താവന വിവാദമായിരുന്നു.
Discussion about this post