മിക്കസമയത്തും വയറു വീർത്തിരിക്കുന്നതായി തോന്നാറുണ്ടോ? അല്ലെങ്കിൽ അല്പം ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞതായി തോന്നുകയും ഭക്ഷണശേഷം വയർ വീർക്കുന്നതായി തോന്നുകയും ചെയ്യാറുണ്ടോ? ഈ ലക്ഷണങ്ങൾ അത്ര നിസ്സാരമായി കാണേണ്ട. വയറ്റിൽ ഉണ്ടാകുന്ന പല വലിയ പ്രശ്നങ്ങളുടെയും സൂചനയാണ് ഈ വയറു വീർത്തിരിക്കുന്നതായുള്ള തോന്നൽ.
ആമാശയ സംബന്ധമായ പ്രശ്നങ്ങളിലാണ് പലപ്പോഴും ഈ ലക്ഷണങ്ങൾ കാണപ്പെടുന്നത്. എന്നാൽ വയറു വീർത്തിരിക്കുന്നതിനോടൊപ്പം തന്നെ ദഹനക്കേട്, ഓക്കാനം, ഛർദ്ദി, കറുത്ത നിറത്തിലുള്ള മലം എന്നീ പ്രശ്നങ്ങൾ കൂടി അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും എത്രയും പെട്ടെന്ന് തന്നെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. കാരണം ഈ പ്രശ്നങ്ങൾ പലപ്പോഴും ആമാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആവാറുണ്ട്.
ആമാശയത്തിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് ആമാശയ ക്യാൻസർ. ഗ്യാസ്ട്രിക് ക്യാൻസർ എന്നും ഇത് അറിയപ്പെടുന്നു. നമ്മുടെ മേൽ വയറിൽ വാരിയെല്ലുകൾക്ക് താഴെയാണ് ഭക്ഷണം വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്ന ആമാശയം സ്ഥിതിചെയ്യുന്നത്. ആമാശയത്തിലെ ഏത് ഭാഗത്തും ആമാശയ ക്യാൻസർ ഉണ്ടാകാം. വയറ്റിലെ ഭിത്തിയിലൂടെ വളരുന്നതോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതോ ആയ ആമാശയ ക്യാൻസർ ചികിത്സിക്കാൻ പ്രയാസമുള്ള ക്യാൻസറുകളിൽ ഒന്നാണ്.
ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുന്നതിനാൽ പലപ്പോഴും സ്ഥിതി ഗുരുതരമാകുന്ന അവസ്ഥയിലാണ് ഈ ക്യാൻസർ കണ്ടുപിടിക്കപ്പെടാറുള്ളത്. ഇതാണ് പലപ്പോഴും ചികിത്സ ഫലപ്രദമാകാതെ പോകുന്നതിനു കാരണം. ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, പെട്ടെന്ന് ശരീരഭാരത്തിൽ കുറവ് വരുക, ക്ഷീണം, വയറുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ പോലും പലപ്പോഴും ആമാശയ ക്യാൻസറിലേക്ക് വഴിവെക്കാറുണ്ട്. ചിലപ്പോൾ പ്രാരംഭ ഘട്ടങ്ങളിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും ഈ അസുഖം രൂപപ്പെടാം.
വയറിന്റെ ആന്തരിക പാളിക്ക് എന്തെങ്കിലും ദോഷം വരുത്തുമ്പോഴാണ് മിക്ക വയറ്റിലെ ക്യാൻസറുകളും ആരംഭിക്കുന്നത്. വയറ്റിൽ അണുബാധ ഉണ്ടാകുന്നതും, ദീർഘമായ ആസിഡ് റിഫ്‌ളക്‌സ് ഉള്ളതും, ഉപ്പിട്ട ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതുമെല്ലാം പലപ്പോഴും ആമാശയ ക്യാൻസറിന് കാരണമാകാം. എന്നാൽ ഈ രോഗം വരുന്നതിനുള്ള കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ല. ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻതന്നെ വൈദ്യസഹായം തേടുന്നതിലൂടെ ഒരു പരിധിവരെ ഈ ക്യാൻസറിൽ നിന്നും അതിജീവിക്കാൻ കഴിയുന്നതാണ്.
Discussion about this post