ഇടുക്കി : സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ അടിമാലിയിലെ മറിയക്കുട്ടി മാനനഷ്ട കേസ് ഫയൽ ചെയ്തു. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയെടുത്ത മറിയക്കുട്ടിയ്ക്കെതിരെ ഗുരുതരമായ വ്യാജ ആരോപണങ്ങളാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നത്. മാനനഷ്ട കേസ് നൽകുമെന്ന് മറിയക്കുട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും ചില രേഖകളും തെളിവുകളും ലഭിക്കാൻ ഉണ്ടായ കാലതാമസമാണ് കേസ് ഫയൽ ചെയ്യുന്നത് വൈകിപ്പിച്ചത്.
അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരായ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അഭിഭാഷകരോടൊപ്പം കോടതിയിലെത്തി മാനനഷ്ട കേസ് ഫയൽ ചെയ്തത്. തന്റെ മക്കളുടെ പേരുപോലും ദേശാഭിമാനി അനാവശ്യമായി വലിച്ചിഴച്ച് വ്യാജവാർത്ത നൽകി മാനക്കേട് ഉണ്ടാക്കി എന്ന് മറിയക്കുട്ടി മാനനഷ്ടക്കേസിൽ വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കും കുടുംബത്തിനും ഉണ്ടായ മാനനഷ്ടത്തിനും ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരവും ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് പ്രധാന എതിർകക്ഷികൾ. ദേശാഭിമാനി വ്യാജവാർത്ത നൽകിയതിനെത്തുടർന്ന് വലിയ സൈബർ ആക്രമണമാണ് മറിയക്കുട്ടിക്കെതിരെ നടന്നിരുന്നത്.
മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടെന്നും സ്വന്തമായി രണ്ടു വീടുണ്ടെന്നും മക്കൾ വിദേശത്താണെന്നും എല്ലാമാണ് ദേശാഭിമാനി വ്യാജവാർത്ത നൽകിയിരുന്നത്. ഏക്കർ കണക്കിന് ഭൂമിയുള്ള മറിയക്കുട്ടി ഒരു വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ് എന്നും ദേശാഭിമാനി നൽകിയ വ്യാജ വാർത്തയിൽ പറയുന്നു. ഈ വാർത്ത തീർത്തും വ്യാജമാണെന്ന് മറിയക്കുട്ടി തെളിവുകൾ അടക്കം വ്യക്തമാക്കിയതോടെ സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സിപിഎം മുഖപത്രത്തിന്റെ ഈ പ്രവൃത്തിക്കെതിരെ തീർച്ചയായും മാനനഷ്ടക്കേസ് നൽകുമെന്നും ഒരു അടി പിന്നോട്ടില്ലെന്നും മറിയക്കുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post