ഡെറാഡൂൺ: സിൽക്യാരിയിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളിളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലേക്കെത്തി. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനാവുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അപകട സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു. ബൗഖ് നാഗ ദേവത ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി അപകടസ്ഥലത്തെത്തിയത്. തുരങ്കത്തിൽ കുടുങ്ങിയവരിൽ രണ്ട് തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. അവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. ഇവരെ വളരെ വേഗം തന്നെ പുറത്തെത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബാക്കിയുള്ള തൊഴിലാളികളും ആരോഗ്യവാന്മാരും സുരക്ഷിതരുമാണെന്ന് തൊഴിലാളികൾ അറിയിച്ചു. തൊഴിലാളികളുമായി സംസാരിക്കുന്ന വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കു വച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി സ്ഥിതിഗതികൾ അന്വേഷിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘രക്ഷാപ്രവർത്തനം ശരിയായ ദിശയിലാണ് നടക്കുന്നത്. എല്ലാ തൊഴിലാളികളും വളരെ വേഗം തങ്ങളുടെ കുടുംബങ്ങളിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു’- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post