ജെറുസലേം: ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ച് ഹമാസ് ഭീകരർ. മദ്ധ്യസ്ഥകരാറിലെ വ്യവസ്ഥ അംഗീകരിച്ചാണ് ഹമാസ് ഭീകരരുടെ നടപടി. ആദ്യ ഘട്ടത്തിൽ 13 ഇസ്രായേലി പൗരന്മാരുൾപ്പെടെ 24 പേരെയാണ് വിട്ടയച്ചത്.
ഇവരെ ഈജിപ്ത്- ഗാസ അതിർത്തിയായ റാഫയിൽ എത്തിക്കും. ഇവിടെ നിന്നായിരിക്കും ബന്ദികളായവർ നാടുകളിലേക്ക് മടങ്ങുക. ഇസ്രായേലി പൗരന്മാർക്ക് പുറമേ 10 തായ്‌ലന്റ് സ്വദേശികളെയും ഫിലിപ്പീൻസ് പൗരനെയുമാണ് മോചിപ്പിച്ചത്. നിലവിൽ റെഡ്‌ക്രോസ് അംഗങ്ങളുടെ സംരക്ഷണയിലാണ് ഇവർ റാഫയിലേക്ക് വരുന്നത്. ഇവിടെ സൈനിക ഹെലികോപ്റ്ററുകൾ എത്തും. തുടർന്ന് മുഴുവൻ പേരെയും ഇസ്രായേലിൽ എത്തിക്കും. ഇവിടെ നിന്നാകും മറ്റുള്ളവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുക.
ഏഴ് ആഴ്ചയോളം ബന്ദികളായി തുടർന്ന ശേഷമാണ് ഇവരുടെ മോചനം സാദ്ധ്യമായത്. ഒക്ടോബർ ഏഴിന് പോരാട്ടം ആരംഭിച്ചതു മുതൽ ഇവർ ഹമാസിന്റെ തടവിൽ ആയിരുന്നു. പോരാട്ടം തുടരുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ ഇടപെട്ട് മദ്ധ്യസ്ഥകരാർ രൂപീകരിച്ചിരുന്നു. വെടിനിർത്തലടക്കം ഉൾപ്പെടുന്ന കരാർ ഇസ്രായേൽ അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് ബന്ദികളെ മോചിപ്പിച്ചത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേരെ മോചിപ്പിക്കുമെന്നായിരുന്നു ഹമാസ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ 24 പേർ മാത്രമാണ് മോചിതരായത്. ബാക്കിയുള്ളവരെ അടുത്ത ദിവസങ്ങളിൽ വിട്ടയച്ചേക്കുമെന്നാണ് സൂചന. ഏകദേശം 250 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post