ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ ഓൾ റൗണ്ടർ ഇമാദ് വാസിം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്താന് വേണ്ടി 55 ഏകദിനങ്ങളിലും 66 ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് വാസിം. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സരത്തിലായിരുന്നു അവസാനമായി കളിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയാൻ ഇതാണ് ശരിയായ സമയമെന്ന് സ്വയം ബോദ്ധ്യമായതിനാലാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് വാസിം അറിയിച്ചു. എല്ലാ പിന്തുണകൾക്കും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് നന്ദി അറിയിക്കുകയാണെന്നും പാകിസ്താനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും താരം കുറിച്ചു.
ഹ്രസ്വമായ തന്റെ കരിയറിൽ ഒപ്പം നിന്ന ആരാധകർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെങ്കിലും കരിയറിന്റെ അടുത്ത ഘട്ടത്തിലും ക്രിക്കറ്റിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വാസിം വ്യക്തമാക്കി.
2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കപ്പുയർത്തിയ പാകിസ്താൻ ടീമിലെ അംഗമായിരുന്നു ഇമാദ് വാസിം. മത്സരത്തിൽ 21 പന്തിൽ 25 റൺസ് നേടിയ വാസിമിന്റെ പ്രകടനം നിർണായകമായിരുന്നു.
2019 ലോകകപ്പ്, 2021 ട്വന്റി 20 ലോകകപ്പ് എന്നിവയിലും വാസിം കളിച്ചു. 40 ഏകദിന ഇന്നിംഗ്സുകളിൽ നിന്നും 42.87 ശരാശരിയിൽ 986 റൺസ് ഇമാദ് വാസിം നേടിയിട്ടുണ്ട്. 44 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20യിൽ 44 മത്സരങ്ങളിൽ നിന്നും 486 റൺസും 65 വിക്കറ്റുകളുമാണ് സമ്പാദ്യം.
2020ൽ സിംബാബ്വെക്കെതിരായ മത്സരത്തിന് ശേഷം ഇമാദ് വാസിമിന് പാക് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ ട്വന്റി 20യിൽ അവസാനം വരെയും സജീവമായിരുന്ന താരം, ഈ വർഷം പാകിസ്താന് വേണ്ടി 8 മത്സരങ്ങൾ കളിച്ചിരുന്നു.
Discussion about this post