ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കണ്ടക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. പ്രതി ബാരെൻ ഹാഷ്മിയുടെ ഭീകരബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇയാളുടെ സമൂഹമാദ്ധ്യമ ഇടപെടലുകൾ പരിശോധിച്ചപ്പോൾ ചില നിരോധിത സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഭീകര ബന്ധവും അന്വേഷിക്കുന്നത്.
ഹാഷ്മിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നിരന്തരമായി തീവ്ര ഇസ്ലാമിക സന്ദേശങ്ങൾ ഉൾക്കൊളളിച്ചുള്ള വീഡിയോകൾ കാണാറുള്ളതായി ഹാഷ്മി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ യൂട്യൂബ് ഹിസ്റ്ററി പരിശോധിച്ചതിൽ നിന്നും ഇക്കാര്യം പോലീസിന് വ്യക്തമായി. കണ്ടക്ടറെ ആക്രമിച്ച ശേഷം സമൂഹമാദ്ധ്യമത്തിൽ ഹാഷ്മി പങ്കുവച്ച വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഈ വീഡിയോയിൽ ചില ജിഹാദി മുദ്രാവാക്യങ്ങളും അറബി വാക്കുകളും ഇയാൾ മുഴക്കുന്നുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്.
പ്രവാചക നിന്ദ നടത്തിയതിന്റെ പേരിലാണ് കണ്ടക്ടറെ ആക്രമിച്ചത് എന്നാണ് ഹാഷ്മി പറയുന്നത്. ഇതിന് പുറമേ മറ്റ് ഉദ്ദേശ്യങ്ങളും ഇതിന് പിന്നിൽ ഉണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണ്. ഹാഷ്മിയ്ക്ക് ഭീകര ബന്ധം ഉള്ളതായി കണ്ടെത്തിയാൽ കേസ് എൻഐഎയ്ക്ക് വിടാൻ ഉൾപ്പെടെ പോലീസ് ആലോചിക്കുന്നുണ്ട്.
ഇന്നലെയാണ് കണ്ടക്ടറെ ഹാഷ്മി ആക്രമിച്ചത്. ടിക്കറ്റിനെ ചൊല്ലി പ്രയാഗ്‌രാജ് സ്വദേശിയും ഹാഷ്മിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു കണ്ടക്ടറുടെ കഴുത്തിന് വെട്ടേറ്റത്. ഇതിന് ശേഷം കോളേജിനുള്ളിൽ പോയി ഒളിച്ച ഹാഷ്മി സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിലാണ് പ്രവാചക നിന്ദയാണ് ആക്രമണത്തിന് കാരണം ആയത് വ്യക്തമാക്കുന്നത്.
Discussion about this post