തിരുവനന്തപുരം: സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ലാതായതോടെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വിതരണക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ടെൻഡറിൽ പങ്കെടുത്തവരാണെങ്കിൽ ഉയർന്ന തുകയാണ് ക്വോട്ട് ചെയ്തത്. ഇവരുടെ ടെൻഡർ സപ്ലൈകോ നിരസിക്കുകയും ചെയ്തു.
സപ്ലൈകോ 700 കോടിയിലധികം രൂപ വിതരണക്കാർക്ക് നൽകാനുണ്ട്. ഓണത്തിന് ശേഷം ഈ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തുക അനുവദിച്ചില്ല. കുടിശ്ശിക നൽകാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബർ 14ന് ടെൻഡർ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതേതുടർന്ന് വീണ്ടും ടെൻഡർ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് നീങ്ങും.
Discussion about this post