എറണാകുളം : പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസ്സിനെതിരെ മോട്ടോർ വാഹന വകുപ്പ് വിവിധ പിഴകൾ ചുമത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ നിർണായക ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരം പെർമിറ്റ് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പിഴ ചുമത്തുന്നത് സ്വാഭാവികമാണെന്നും പിഴ ചുമത്തിയതിൽ തെറ്റില്ലെന്നും ഹൈക്കോടതി അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുന്നതിനെതിരെ കൊല്ലത്തുനിന്നുള്ള പുഞ്ചിരി ബസ് ഉടമകൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ആയിരുന്നു ഹൈക്കോടതിയുടെ ഈ സുപ്രധാന വെളിപ്പെടുത്തൽ. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെന്നു കരുതി സ്റ്റേജ് കാര്യേജ് ആയി വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പുഞ്ചിരി ട്രാവൽസ് കൊല്ലത്ത് നിന്നും കൊട്ടിയത്ത് നിന്നും ബംഗളൂരുവിലേക്ക് ബസ് സർവീസ് നടത്തിയതിനെതിരെ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയിൽ പുഞ്ചിരി ബസ് ഹർജി നൽകിയിരുന്നത്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ പിഴ ചുമത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിഴയുടെ 50 ശതമാനം ഉടൻതന്നെ അടയ്ക്കണമെന്നും കോടതി അറിയിച്ചു.
Discussion about this post