ഹൈദരാബാദ്: കോൺഗ്രസും ബിആർഎസും തമ്മിലുള്ള ഫെവിക്കോളാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെലങ്കാനയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആർഎസിന് നിങ്ങൾ ഉടനെ ‘വിആർഎസ്’ നൽകണമെന്ന് അദ്ദേഹം പരിഹസിച്ചു.
മഹ്ബൂബ് നഗർ മേഖലയിൽ എപി മിഥുൻ കുമാർ റെഡ്ഡി, ദേവരകദ്രയിൽ നിന്നുള്ള പ്രശാന്ത് റെഡ്ഡി, കൊടങ്ങലിൽ നിന്ന് ബന്തു രമേഷ്, ഷാദ്‌നഗറിൽ നിന്നുള്ള ആന്ദേ ബാബയ്യ, ജഡ്‌ചെർളയിൽ നിന്ന് ചിത്തരഞ്ജൻ ദാസ്, നാരായൺപേട്ടയിൽ നിന്നുള്ള രതംഗ് പതും റെഡ്ഡി, മക്തലിൽ നിന്നുള്ള ജലന്ധർ റെഡ്ഡി എന്നീ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
തെലങ്കാന കെട്ടിപ്പടുക്കാൻ നൂറുകണക്കിന് ആളുകൾ സ്വയം ത്യാഗം സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വികാരങ്ങൾ വച്ച് കളിക്കുകയാണ്. കെസിആറിന്റെ നേതൃത്വത്തിൽ ടിആർഎസ് ഇവിടുത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ തകർത്തു. ബിജെപി അധികാരത്തിലെത്തിയാൽ മഹ്ബൂബ് നഗർ പാലമുരു ആയി സ്ഥാപിക്കുമെന്നും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ ആളുകളെ ക്ഷണിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഇതിനായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തും. 2017-ന് മുമ്പ് ഉത്തർപ്രദേശിൽ മാസങ്ങളോളം കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശത്തിന് കീഴിൽ കർഫ്യൂവും കലാപവും നടക്കാതെ ബിജെപി സർക്കാർ വൻ മാറ്റം കൊണ്ടുവന്നു. കോൺഗ്രസിന്റെ കാലത്ത് ഭീകരവാദം തഴച്ചുവളർന്നിരുന്നു. 2008 നവംബർ 26ന് കോൺഗ്രസ് ഭരണകാലത്താണ് മുംബൈ ആക്രമണം നടന്നതെന്നും യോഗി എല്ലാവരെയും ഓർമിപ്പിച്ചു.
Discussion about this post