ന്യൂഡൽഹി : വന്ദേഭാരത് ട്രെയിനുകളിലെ പാസഞ്ചർ സർവീസുകൾ മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. വിമാനയാത്രകൾക്ക് തുല്യമായി അന്താരാഷ്ട്ര നിലവാരത്തിൽ വന്ദേഭാരതിന്റെ യാത്രയെ ഉയർത്താൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രി സേവാ അനുബന്ധ് എന്ന ഈ പുതിയ പദ്ധതി ആദ്യഘട്ടത്തിൽ 6 ട്രെയിനുകളിൽ ആണ് നടപ്പിലാക്കുക.
യാത്രി സേവാ അനുബന്ധ് നടപ്പിലാക്കുന്ന ആദ്യ ആറ് ട്രെയിനുകളിൽ ഒന്ന് കേരളത്തിൽ സർവീസ് നടത്തുന്നതായിരിക്കും. ചെന്നൈ-മൈസൂർ റൂട്ട്, ചെന്നൈ-തിരുനെൽവേലി, ചെന്നൈ-കോയമ്പത്തൂർ, തിരുവനന്തപുരം-കാസർഗോഡ്, ചെന്നൈ-വിജയവാഡ എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുവാൻ റെയിൽവേ നിശ്ചയിച്ചിട്ടുള്ളത്.
യാത്രി സേവാ അനുബന്ധ് വഴി ലഭ്യമാകുന്ന നൂതനസൗകര്യങ്ങളിൽ യാത്ര തുടങ്ങുന്ന സ്റ്റേഷനുകളിലും ലക്ഷ്യസ്ഥാനങ്ങളിലും
കാബ്, വീൽചെയർ, ബഗ്ഗി ഡ്രൈവ് അസിസ്റ്റൻസ് തുടങ്ങിയ സഹായസേവനങ്ങൾ ലഭ്യമാകുന്നതാണ്. കൂടുതൽ വിഭവങ്ങൾ അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ മെനു ആണ് മറ്റൊരു പ്രത്യേകത. യാത്രാവേളയിൽ ഇൻഫോടെയ്ൻമെന്‍റ് സൗകര്യവും ഈ പദ്ധതി വഴി ലഭ്യമാകുന്നതാണ്.
കൂടാതെ ഓരോ കോച്ചിലും ഒരു ഹൗസ്‌കീപ്പിങ് സ്റ്റാഫ് വീതം ഈ ട്രെയിനുകളിൽ സേവനമനുഷ്ഠിക്കും. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലോ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവൺമെന്റിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഹോസ്പിറ്റാലിറ്റിയിലും ഹൗസ്‌കീപ്പിങ്ങിലും പരിശീലനം നേടിയവരെ ആയിരിക്കും വന്ദേ ഭാരതിലെ ഈ ഹൗസ് കീപ്പിംഗ് ജോലികൾക്ക് തിരഞ്ഞെടുക്കുക. കൂടാതെ മറ്റു നിരവധി സഹായ സൗകര്യങ്ങളും യാത്രി സേവാ അനുബന്ധ് വഴി ലഭ്യമാകുമെന്ന് റെയിൽവേ അറിയിച്ചു.
Discussion about this post