കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന പുരുഷന്റെ രേഖാചിത്രമാണ് പുറത്തുവിട്ടത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്.
പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. 50 വയസ്സിന് മുകളിലാണ് ഇയാളുടെ പ്രായമെന്നാണ് രേഖാ ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്. ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതിൽ 50 വയസ്സ് പ്രായം തോന്നിയ്ക്കുന്ന പുരുഷനെയും 35 വയസ്സ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയെയും മാത്രമാണ് കടയുടമയായ സ്ത്രീ കണ്ടിട്ടുള്ളത്. സ്ത്രീ മുഖം മറച്ചിരുന്നതായും ദൃക്‌സാക്ഷി പറയുന്നു.
കടയിൽ എത്തി പ്രതികൾ സാധനം വാങ്ങിയിരുന്നു. തേങ്ങ, ബിസ്‌ക്കറ്റ്, റസ്‌ക് എന്നിവയായിരുന്നു വാങ്ങിയത്. വൈകീട്ട് ഏഴരയോടെ കടയടയ്ക്കാൻ നേരമാണ് ഇവർ എത്തിയതെന്ന് സ്ത്രീ പറയുന്നു. ഓട്ടോയിലാണ് ഇവർ എത്തിയത്. സ്ത്രീ ഷാൾ കൊണ്ട് തല മറച്ചിരുന്നു.
അതേസമയം കുട്ടിയുടെ കുടുംബത്തോട് പ്രതികൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ വിട്ട് കിട്ടാൻ മോചനദ്രവ്യം വേണമെന്ന് ആണ് പ്രതികളുടെ ആവശ്യം. പണം ആവശ്യപ്പെട്ടുള്ള ശബ്ദരേഖ കുട്ടിയുടെ മാതാവിന് ലഭിച്ചു.
ഓമയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെ ആണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വൈകീട്ടോടെ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. ഇതിനിടെ കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
Discussion about this post