ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും നീറ്റ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 20കാരനായ പശ്ചിമ ബംഗാൾ സ്വദേശി ഫൗരീദ് ഹുസൈനാണ് ആത്മഹത്യ ചെയ്തത്. ഇതോടെ ഈ വർഷം കോട്ടയിൽ ജീവനൊടുക്കിയ നീറ്റ് വിദ്യാർത്ഥികളുടെ എണ്ണം 28 ആയി.
വഖഫ് നഗർ പ്രദേശത്തെ വാടകമുറിയിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് വിദ്യാർത്ഥികളോടൊപ്പമാണ് ഫൗരീദ് വാടക മുറിയിൽ താമസിച്ചിരുന്നത്. കൈുന്നേരം നാല് മണിയോടെയാണ് അവസാനമായി വിദ്യാർത്ഥിയെ സുഹൃത്തുക്കൾ കണ്ടത്. എന്നാൽ ഏഴ് മണിയായിട്ടും മുറി തുറന്നിരുന്നില്ല. ഫോണും എടുക്കാതെയായതോടെ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മുറി തുറന്നതോടെയാണ് ഫൗരീദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും ഇയാളുടെ വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വിദ്യാർത്ഥിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസങ്ങളിലായി നിരവധി ആത്മഹത്യ കേസുകളാണ് കോട്ടയിൽ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post