സിൽക്യാര: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടന്നിരുന്ന തൊഴിലാളികൾ ഒന്നിന് പിറകേ ഒന്നായി സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും മടങ്ങി വരുമ്പോൾ, രക്ഷാദൗത്യത്തിൽ സൈന്യത്തിനൊപ്പം കൈകോർത്ത് ഝാൻസിയിലെ ദൗത്യവീരന്മാരായ ‘റാറ്റ് മൈനേഴ്സ്‘. നിശ്ചിതമായ മേഖലകളിൽ കൃത്യമായ നീക്കങ്ങളിലൂടെ സ്ഥാനനിർണയം നടത്തുകയും യന്ത്രസഹായമില്ലാതെ അതിവേഗം മുന്നേറുകയും ചെയ്യുന്ന ഇവരുടെ പ്രവർത്തനങ്ങൾക്ക് കൈയ്യടിക്കുകയാണ് രാജ്യം. തനതായ മാർഗത്തിലൂടെ സുരക്ഷിതമായി ഭൂമിക്കടിയിലേക്ക് തുരന്ന് പോകുന്ന ഇവരുടെ ശൈലിയാണ് ‘റാറ്റ് ഹോൾ മൈനിംഗ്‘ എന്ന പേരിൽ ശ്രദ്ധേയമാകുന്നത്.
സ്വിച്ചിട്ട പോലെ ഭൂമിക്കടിയിൽ അനവധി മാളങ്ങളുടെ ശൃംഖല സൃഷ്ടിക്കുന്ന എലികളുടേതിന് സമാനമാണ് ഇവരുടെ ശൈലി. തുരങ്കത്തിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നിർണായക ഘട്ടങ്ങളിൽ പ്രതിസന്ധി നേരിട്ടതോടെയാണ് റാറ്റ് ഹോൾ മൈനേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്താൻ ദൗത്യസംഘം തീരുമാനിച്ചത്. ഏറ്റവും ഒടുവിൽ പ്രതിസന്ധി തീർത്ത 12 മീറ്ററിലെ നാശാവശിഷ്ടങ്ങൾ തൊഴിലാളികൾക്കും സ്വാതന്ത്ര്യത്തിനുമിടയിൽ വൈതരണി തീർത്തപ്പോൾ, ദൈവസ്പർശമേറ്റ സഹായഹസ്തമായി മാറുകയായിരുന്നു ഝാൻസിയിൽ നിന്നുമെത്തിയ മാനവികതയുടെ ഈ പോരളികൾ.
അങ്ങേയറ്റം ദുർഘടമായ ഇടങ്ങളിൽ പോലും അനായാസം ഇറങ്ങിചെന്ന് രക്ഷാദൗത്യം പൂർത്തിയാക്കാൻ ശേഷിയുള്ള ഖനനതൊഴിലാളികളാണ് റാറ്റ് മൈനേഴ്സ്. സിൽക്യാര രക്ഷാദൗത്യത്തിലെ ഇവരുടെ പങ്ക് ലോകത്തിന് തന്നെ മാതൃകയാകുകയാണ്. ചെറിയതും ഇടുങ്ങിയതും ഇരുണ്ടതുമായ ഇടങ്ങളിൽ കടന്ന് ചെല്ലുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയായ ക്ലോസ്ട്രോഫോബിയ ലവലേശം ബാധിക്കുന്നില്ല എന്നതും ഇവരുടെ ധീരതയ്ക്ക് നിദാനമാണ്.
ഉത്തർ പ്രദേശിലെ ഝാൻസിയിൽ നിന്നുമെത്തിയ ആറംഗ റാറ്റ് മൈനിംഗ് സംഘമാണ് രാജ്യം ഉറ്റുനോക്കിയ രക്ഷാദൗത്യത്തിലെ പാടിപ്പുകഴ്ത്തപ്പെടാത്ത പോരാളികൾ. ഇവരുടെ കൈപിടിച്ച് 16 ദിവസങ്ങൾക്ക് ശേഷം ഖനനതൊഴിലാളികൾ ഒന്നൊന്നായി കരകയറുമ്പോൾ, ദുരന്ത പ്രതിരോധ രംഗത്ത് മറ്റൊരു വിസ്മയ മാതൃക തീർക്കുകയാണ് രാജ്യം.
Discussion about this post