എറണാകുളം: സിനമാ ചിത്രീകരണത്തിനിടെ നടൻ ഉണ്ണി മുകുന്ദന് അപകടം ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ സൈറ്റിലാണ് അപകടം ഉണ്ടായത്. ചിത്രീകരണത്തിനിടെ നടൻ വീൽചെയറിൽ നിന്നും വീഴുകയായിരുന്നു. നടന് കാര്യമായ പരിക്കില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീൽചെയറിൽ ഇരുന്ന് അഭിനയിക്കുകയായിരുന്നു താരം. ഇതിനിടെയാണ് അപകടം ഉണ്ടായത്. വീൽചെയർ പുറകോട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ വിവരം ഉണ്ണി മുകുന്ദൻ തന്നൊയാണ് ആരാധകരെ അറിയിച്ചത്. വീൽചെയറിന്റെ ഡിസൈൻ കാരണം കാര്യമായ പരിക്ക് ഉണ്ടായില്ലെന്നും അല്ലെങ്കിൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നേനെ എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആരോഗ്യത്തിൽ ആശങ്കപ്രകടിപ്പിച്ച് എത്തിയത്. തലയ്ക്ക് പരിക്കുണ്ടോയെന്നായിരുന്നു കൂടുതൽ ചോദ്യങ്ങളും. എന്നാൽ പരിക്കേറ്റില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു കുഴപ്പവും തനിക്കില്ല. വലിയ അപകടം ആയിരുന്നു തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയത്. നിലവിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. റയാന്റെ ഷെഡ്യൂൾ പൂർത്തിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. സർവൈവൽ ത്രില്ലറായ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹമാണ്. ഹരീഷ് പേരടി,അശോകൻ, രവീന്ദ്ര വിജയ്, നന്ദു എന്നിവരും സിനിമയിൽ ഉണ്ട്.












