കൊളംബോ : ശ്രീലങ്കയിലെ ഭവന പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയിലെ തോട്ടം മേഖലകളില്‍ 10,000 വീടുകള്‍ കൂടി നിര്‍മ്മിക്കും. ഇന്ത്യന്‍ ഹൗസിംഗ് പ്രോജക്ടിന്റെ നാലാം ഘട്ടത്തിന് കീഴിലാണ് ശ്രീലങ്കയിലെ തോട്ടം മേഖലകളില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രണ്ട് സുപ്രധാന കരാറുകളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ചൊവ്വാഴ്ച ഒപ്പുവച്ചതായി പ്രസ്താവനയില്‍ പറയുന്നു.
നാഷണല്‍ ഹൗസിംഗ് ഡെവലപ്മെന്റ് അതോറിറ്റി, സ്റ്റേറ്റ് എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ എന്നീ രണ്ട് ഏജന്‍സികളുമായി ചേര്‍ന്നാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൗണ്‍സിലറും ഡെവലപ്മെന്റ് കോഓപ്പറേഷന്‍ വിംഗ് മേധാവിയുമായ എല്‍ദോസ് മാത്യു പുന്നൂസ്, എസ്ഇസി ചെയര്‍മാന്‍ രത്നസിരി കലുപഹാന, എന്‍എച്ച്ഡിഎ ജനറല്‍ മാനേജര്‍ കങ്കണമലഗെ അജന്ത ജനക എന്നിവര്‍ രണ്ട് കരാറുകളിലും ഒപ്പുവച്ചു.
ഇന്ത്യന്‍ ഭവന പദ്ധതിയുടെ നാലാം ഘട്ടം ശ്രീലങ്കയിലെ 11 ജില്ലകളിലും 6 പ്രവിശ്യകളിലുമായാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ ഹൗസിംഗ് പ്രോജക്റ്റിന് കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മൊത്തത്തിലുള്ള പ്രതിബദ്ധത നിലവില്‍ 60,000 വീടുകളാണ്. വടക്കന്‍, കിഴക്കന്‍ പ്രവിശ്യകളിലായി ആദ്യ രണ്ട് ഘട്ടങ്ങളിലായി 46,000 വീടുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍, തോട്ടം മേഖലകളില്‍ 4,000 വീടുകളുടെ നിര്‍മാണത്തിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയായി വരികയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള ജനകേന്ദ്രീകൃത വികസന സഹകരണ പങ്കാളിത്തത്തില്‍ ഭവനനിര്‍മ്മാണത്തിന് കേന്ദ്രീകൃത ശ്രദ്ധ നല്‍കുന്നു. ഇന്ത്യന്‍ ഹൗസിംഗ് പ്രോജക്റ്റിന് കീഴില്‍ ശ്രീലങ്കയിലെ 25 ജില്ലകളിലായി 2,400 വീടുകള്‍ വിവിധ ഭവന പദ്ധതികള്‍ക്ക് കീഴില്‍ നിലവില്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയുടെ വികസന സഹകരണ പോര്‍ട്ട്ഫോളിയോ ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളറാണ്, ഏകദേശം 600 മില്യണ്‍ ഡോളര്‍ ഗ്രാന്റിലുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
Discussion about this post