ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ പാകിസ്താൻ പൗരനെ വിവാഹം കഴിക്കാൻ മക്കളെ ഉപേക്ഷിച്ച് രാജ്യം വിട്ട യുവതി തിരികെ ഇന്ത്യയിലെത്തി. 34 വയസ്സുകാരിയായ ഫാത്തിമ എന്ന അഞ്ജുവാണ് അട്ടാരി അതിർത്തി വഴി തിരികെ എത്തിയത്. പാകിസ്താനിലെ ഖൈബർ പക്തൂൺക്വ സ്വദേശിയായ നസ്രുള്ളയെ വിവാഹം കഴിക്കാനാണ് ഫാത്തിമ ഇന്ത്യ വിട്ടത്.
ഉത്തർ പ്രദേശിലെ കൈലോർ ഗ്രാമത്തിൽ ജനിച്ച അഞ്ജു രാജസ്ഥാനിലെ ആൾവാറിൽ താമസിക്കവെയാണ് പാകിസ്താനിലേക്ക് പോയത്. കഴിഞ്ഞ ദിവസമാണ് ഇവർ തിരികെ എത്തിയത്.
ഫാത്തിമ ഒറ്റയ്ക്കാണ് അട്ടാരി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. അവരുടെ കൈയ്യിൽ ലഗേജ് ഉണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അമൃത്സറിൽ നിന്നും ഡൽഹിയിലേക്ക് പോകാനാണ് അവരുടെ നീക്കമെന്നും അധികൃതർ വിശദീകരിച്ചു.
2019 മുതൽ ഫാത്തിമയും നസ്രുള്ളയും ഫേസ്ബുക്ക് സുഹൃത്തുക്കൾ ആയിരുന്നു. ജൂലൈ 25നാണ് 29 വയസ്സുകാരനായ നസ്രുള്ളയെ ഫാത്തിമ വിവാഹം കഴിച്ചത്. തുടർന്നാണ് ഇസ്ലാം മതം സ്വീകരിച്ച ഇവർ അഞ്ജു എന്ന പേര് മാറ്റി ഫാത്തിമ എന്ന പേര് സ്വീകരിച്ചത്.
മക്കളെ കണ്ടതിന് ശേഷം അഞ്ജു എന്ന ഫാത്തിമ പാകിസ്താനിലേക്ക് മടങ്ങും എന്നാണ് വിവരം. ഇവരുടെ വിസ പാക് സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
അട്ടാരി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ അഞ്ജു മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. താൻ സന്തോഷവതിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും മാത്രമാണ് ഇവർ അറിയിച്ചത്.
അതേസമയം അഞ്ജുവിന്റെ മടങ്ങി വരവിൽ ഇന്റലിജൻസ് വൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുടെ മടങ്ങി വരവിൽ ദുരൂഹതയുണ്ടെന്ന് വിവിധ ഏജൻസികൾ സംശയിക്കുന്നു. ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കും എന്നാണ് സൂചന.
Discussion about this post